കുട്ടനാട്: വിഭാഗീയതയെ തുടന്ന് പലവട്ടം മാറ്റിവച്ച സി.പി.എം ചമ്പക്കുളം ലോക്കൽ സമ്മേളനം ഇന്നലെ ചേർന്ന്, പ്രതിനിധികളുടെ എതിർപ്പ് അവഗണിച്ച് ഡി.വൈ.എഫ്.ഐ തകഴി ഏരിയാ കമ്മിറ്റി ട്രഷററായ കെ.ജി. അരുൺകുമാറിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി. സജിമോൻ, കർഷകസംഘം പഞ്ചായത്ത് പ്രസിഡന്റ് പി.ജെ. സേവ്യർ, കർഷകത്തൊഴിലാളി യൂണിയൻ ഏരിയാ ട്രഷററും പഞ്ചായത്ത് സെക്രട്ടറിയുമായ പി.ജെ. കുട്ടപ്പായി, കർഷകസംഘം പഞ്ചായത്ത് സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ എൻ. റെജി, ജില്ലാ കമ്മിറ്റി ഓഫീസ് മുൻ ജീവനക്കാരനായ കെ.ആർ. വിഷ്ണുരാജ്, കർഷകത്തൊഴിലാളി യൂണിയൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രാജരെത്തിനം എന്നിവരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.
കഴിഞ്ഞ നാലിന് അവതരിപ്പിച്ച പാനലിൽ ഉൾപ്പെട്ടിരുന്ന ടി. മനു, കെ.ആർ. വിഷ്ണുരാജ് എന്നിവരെ ഒഴിവാക്കി പാനലിന് പുറത്തുനിന്ന് മത്സരിക്കാൻ തയ്യാറായ എം.ജെ. മനോഹരൻ, ബീനാ സാബു എന്നിവരെ ഉൾപ്പെടുത്തിയാണ് പുതിയ പാനൽ അവതരിപ്പിച്ചത്. പ്രതിനിധികളിൽ ഒരുവിഭാഗം ഇതും അംഗീകരിക്കാതെ വീണ്ടും മത്സരിക്കാൻ തയ്യാറായി. ഇതോടെ ജില്ലാ നേതൃത്വം ഇടപെട്ട് മത്സരത്തിൽ നിന്ന് പിന്മാണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. അങ്ങനെയെങ്കിൽ നേരത്തത്തെ പാനൽ അനുസരിച്ച് മത്സരം നടക്കട്ടേയെന്ന് തീരുമാനിച്ചു. ഈ പാനലിന് പുറത്തുനിന്ന് മത്സരിച്ച അന്നത്തെ ഏഴുപേരിൽ നിന്ന് റെന്നി കടുവങ്കൽ മാത്രമാണ് പിന്മാറാൻ തയ്യാറായത്. വീണ്ടും പ്രതിസന്ധി തുടർന്ന പശ്ചാത്തലത്തിൽ നേരത്തത്തെ ഔദ്യോഗിക പാനലിലുണ്ടായിരുന്ന ഏഴുപേരും പിന്മാറുകയും നിലവിലെ പാനലിൽ അവശേഷിച്ചവരും പുറത്തുനിന്നു മത്സരിച്ചവരുമുൾപ്പെടെ 14 അംഗ കമ്മിറ്റി നിലവിൽ വരുകയും അരുൺകുമാറിനെ സെക്രട്ടറിയായി നിശ്ചയിക്കുകയുമായിരുന്നു. തുടർന്ന് സാർവദേശീയ ഗാനം പാടാൻ പ്രതിനിധികളെ ക്ഷണിച്ചെങ്കിലും ഇതിനുനിൽക്കാതെ പലരും വേദി വിട്ടതായാണ് വിവരം.