
ചേർത്തല: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ മിനി വോളിബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചേർത്തല ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എ ടീം ഒന്നാം സ്ഥാനവും ചേന്നങ്കരി ദേവമാതാ എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും ചേർത്തല ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ബി ടീം മൂന്നാം സ്ഥാനവും നേടി. മുഹമ്മ എ.ബി.വിലാസം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെളിച്ചക്കുറവ് മൂലം ആൺ കുട്ടികളുടെ ഫൈനൽ, ലൂസേഴ്‌സ് ഫൈനൽ മത്സരങ്ങൾ ജനുവരി ആദ്യവാരത്തിലേയ്ക്ക് മാറ്റി. ഫൈനലിൽ വെട്ടയ്ക്കൽ സിക്‌സസും അരീപ്പറമ്പ് ടൗൺ ക്ലബ്ബും ഏറ്റുമുട്ടും.ലൂസേഴ്‌സ് ഫൈനലിൽ എം.കെ.എ.എം പല്ലന, മണ്ണഞ്ചേരി ചലഞ്ചേഴ്‌സ് എന്നിവരാണ് മത്സരിക്കുന്നത്.
സംസ്ഥാന മത്സരങ്ങൾക്കുള്ള ജില്ലാ ടീമിനേയും ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷനായി. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു സമ്മാനദാനം നിർവഹിച്ചു.