പൂച്ചാക്കൽ: നിരന്തരമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ നിർമ്മിച്ച തൈക്കാട്ടുശേരി - തുറവൂർ പാലം വഴി ബസ് സർവീസ് ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം ഉയരുന്നു. വേമ്പനാട് കായലിനും കൈതപ്പുഴ കായലിനും ഇടയ്ക്കുള്ള പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി എന്നീ പഞ്ചായത്തുകളിലുള്ളവർക്ക് ദേശീയപാതയിലേക്കും തീരദേശത്തേക്കും എത്താൻ ഏറ്റവും എളുപ്പമാർഗം തൈക്കാട്ടുശേരി പാലമാണ് . ആറു വർഷം മുമ്പ് പാലം ഗതാഗതത്തിനാതി തുറന്നെങ്കിലും ബസ് സർവ്വീസ് ആരംഭിക്കാത്തതിനാൽ യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല. പലരും കൂട്ടം ചേർന്ന് ഓട്ടോ പിടിച്ചാണ് പോകുന്നത്. ചെല്ലാനം, അന്ധകാരനഴി, തുടങ്ങിയ ഹാർബറുകളിൽ നിന്ന് മത്സ്യം എടുത്ത് ചില്ലറ വിൽപ്പന നടത്തുന്നവരും എറണാകുളത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ദിനംപ്രതി വലിയ തുക യാത്രയ്ക്കായി മുടക്കേണ്ടി വരുന്നു. ബസ് സർവീസ് ആരംഭിച്ചാൽ ഇവർക്ക് വലിയ ആശ്വാസമാകും.
തൈക്കാട്ടുശേരി വരെ സർവീസുണ്ട്
നിലവിൽ ചേർത്തലയിൽ നിന്ന് തൈക്കാട്ടുശേരി വരെ ബസ് സർവീസുണ്ട്. ഇത് തുറവൂർ റെയിൽവേ സ്റ്റേഷനിലേക്ക് നീട്ടിയാൽ യാത്രാ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കപ്പെടും. അരൂക്കുറ്റിയിൽ നിന്ന് പൂച്ചാക്കൽ, തുറവൂർ വഴി ചേർത്തലക്കും ചേർത്തലയിൽ നിന്നും തൈക്കാട്ടുശേരി, തുറവൂർ വഴി തോപ്പുംപടിക്കും വൈറ്റില ഹബ്ബിലേക്കും പുതിയ റൂട്ട് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
സാങ്കേതികത്വത്തിന്റെ പേരിലാണ് അധികൃതർ ബസ് സർവീസ് അനുവദിക്കാത്തത്. ഇനിയും ബസ് സർവ്വീസ് ആരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും
-പി.വി.രഞ്ജിത്ത് കുമാർ, സെക്രട്ടറി
പൂച്ചാക്കൽ പാസഞ്ചേഴ്സ് അസോസിയേഷൻ
പൂച്ചാക്കൽ മേഖലയിലുള്ളവർക്ക് ഹൈവേയിലേക്കും തുറവൂർ റെയിൽവേ സ്റ്റേഷനിലേക്കും എളുപ്പ മാർഗത്തിൽ എത്താൻ കഴിയുന്ന തൈക്കാട്ടുശേരി പാലത്തിലൂടെ ബസ് ഗതാഗതം അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്. സാധാരണക്കാരായ യാത്രക്കാർ ഓട്ടോ പിടിച്ചാണ് ഇപ്പോൾ ഹൈവേയിൽ എത്തുന്നത്-കെ.പി. അരുൺകുമാർ, യൂത്ത് കോൺഗ്രസ് നേതാവ്
തൈക്കാട്ടുശേരി പാലത്തിലൂടെ ബസ് സർവ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശബരിമല സീസൺ കഴിഞ്ഞാൽ ബസുകളുടെ ലഭ്യത അനുസരിച്ച് സർവ്വീസ് തുടങ്ങാമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിട്ടുള്ളത്.
-പി.എം. പ്രമോദ്
( പ്രസിഡന്റ്, തൈക്കാട്ടുശേരി ബ്ളോക്ക് പഞ്ചായത്ത് )