ആലപ്പുഴ: നഗരത്തിലെ ഗതാഗക്കുരുക്കിന് പരിഹാരം കാണാൻ ട്രാഫിക് പൊലീസ് നടപ്പാക്കിയ പരിഷ്‌കരണം പാളുന്നു. ഇന്നലെ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകൾ റൂട്ടുമാറി ഓടിയതും ജനങ്ങളെ വലച്ചു. സ്റ്റോപ്പുകളിൽ ബസ് കാത്തു നിന്നവരാണ് ബുദ്ധിമുട്ടിയത്. ശവക്കോട്ടപ്പാലം, ജില്ലാ കോടതിപ്പാലം, ഇരുമ്പുപാലം, കല്ലുപാലം എന്നിവിടങ്ങളിലാണ് കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. കല്ലുപാലം ജംഗ്ഷനിലുണ്ടായ കുരുക്കിന്റെ ഫലമായി തെക്കോട്ട് ചന്ദനക്കാവ് വരെയും വടക്കോട്ട് ഔട്ട് പോസ്റ്റ് വരെയും വാഹനങ്ങളുടെ നിര നീണ്ടു.
ട്രാഫിക് പൊലിസും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പണിപ്പെട്ടാണ് കുരുക്കഴിച്ചത്. വൈറ്റ് ടോപ് റോഡ് നിർമ്മിക്കുന്നതിന്റെ ഭാഗമായി പിച്ചു അയ്യർ ജംഗ്ഷൻ മുതൽ വൈ.എം.സി.എ വരെ ഇന്ന് മുതൽ ജോലികൾ ആരംഭിക്കുന്നതിനാൽ നഗരത്തിൽ ഗതാഗത കുരുക്ക് വീണ്ടും രൂക്ഷമാകും.

'' നഗരത്തിലെ എല്ലാ പ്രധാന ജംഗ്ഷനുകളിലും ഗതാഗതനിയന്ത്രണത്തിന് പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ആളുകൾ തിരക്കിനിടെ നിയമം തെറ്റിച്ച് വാഹനം ഓടിക്കുന്ന് പ്രശ്നം കൂടുതൽ വഷളാക്കുന്നു. അനധികൃത പാർക്കിംഗും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്

-(ട്രാഫിക് പൊലീസ് അധികൃതർ)