ആലപ്പുഴ: അഡ്വ. രൺജിത്ത് ശ്രീനിവാസ് കൊലക്കേസിലെ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുക, ഗൂഢാലോചനയും തീവ്രവാദ ബന്ധവും പുറത്തുകൊണ്ടുവരിക, സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് നേരെയുള്ള പൊലീസിന്റെ അതിക്രമം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് എസ്.പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തും. ആലപ്പുഴ ടൗൺ ഹാളിന് സമീപത്തുനിന്ന് മാർച്ച് ആരംഭിക്കും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി സംസാരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ അറിയിച്ചു.