മാന്നാർ: യു.ഐ.ടി കോളേജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിക്കുന്ന 'ഇന്ത്യയുടെ വാണിജ്യ വ്യാവസായിക രംഗത്തെ മാറുന്ന പരിപ്രേക്ഷ്യം ഒരു കോവിഡ് കാല വിശകലനം' ദേശീയ സെമിനാർ ആറുമുതൽ എട്ടുവരെ കോളേജ് അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രമുഖ അക്കാഡമിക വിദഗ്ദ്ധരും ഗവേഷണ വിദ്യാർത്ഥികളും പങ്കെടുക്കുന്ന ശില്പശാല 6ന് രാവിലെ 10ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കേരളാ സർവകലാശാല ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.എച്ച്. ബാബുജാൻ അദ്ധ്യക്ഷനാകും. സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും. സാമൂഹിക-രാഷ്ട്രീയ-അക്കാഡമിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
മൂന്നു ദിവസങ്ങളിലായി നടത്തുന്ന സെമിനാറുകളിൽ ഡോ. പി.എൻ. ഹരികുമാർ, ഡോ. ടി. ബിജു, ഡോ. റിൻസി.വി. മാത്യു, ഡോ. ഐസി.കെ. ജോൺ, ജയറാംപിള്ള, ഡോ. വിനോദ്.കെ. രാജു, ഡോ. ഡി. രാധാകൃഷ്ണപിള്ള, ഡോ. രാജേന്ദ്രൻ നായർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
8ന് നടക്കുന്ന സമാപന സമ്മേളനത്തിൽ യു.ഐ.ടി പ്രിൻസിപ്പൽ ഡോ. വി. പ്രകാശ് അദ്ധ്യക്ഷനാകും. കേരളാ സർവകലാശാല സിൻഡിക്കേറ്റംഗവും യു.ഐ.ടി കൺവീനറുമായ പ്രൊഫ. ജയരാജ് ഉദ്ഘാടനം നിർവഹിക്കും. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. എ. അജികുമാർ മുഖ്യപ്രഭാഷണവും ഡോ. ആർ. അരുൺകുമാർ സർട്ടിഫിക്കറ്റ് വിതരണവും നടത്തും. ബാങ്കിംഗ് വ്യവസായ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച എസ്.ബി.ഐ മാന്നാർ ബ്രാഞ്ച് മാനേജർ മനോജ് ദത്തനെ ചടങ്ങിൽ ആദരിക്കും.
പ്രിൻസിപ്പൽ ഡോ.വി. പ്രകാശ്, സെമിനാർ കോ ഓർഡിനേറ്റർ എ.ആർ. രമേഷ്, അഡ്വ. ജയിംസ് ജോൺസൺ, എൻ. ഷിജിന, ജി. ഗോപകുമാർ, ടി.ആർ. രാകേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.