kutta
പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് തുടങ്ങിയവർ കുട്ടവഞ്ചി സവാരിക്ക് പുറപ്പെടുന്നു

ചാരുംമൂട് : വില്ലേജ് ടൂറിസം പ്രദേശമായ നൂറനാട് പാലമേൽ കരിങ്ങാലിച്ചാൽ പുഞ്ചയിൽ സന്ദർശകർക്കായി കുട്ടവഞ്ചി സവാരി തുടങ്ങി. പാലമേൽ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ശാന്തിഗിരി വില്ലേജ് ടൂറിസം സെന്റർ എന്ന സ്വകാര്യ കൂട്ടായ്മയാണ് കുട്ടവഞ്ചി സവാരി, പെഡൽ ബോട്ടിംഗ് , ഫൈബർ വള്ളം എന്നിവ ഒരുക്കിയത്. പുഞ്ചയുടെ ഓരത്തായി സന്ദർശകർക്കിരിക്കാൻ ഇരിപ്പടങ്ങളും ലഘു ഭക്ഷണശാലയും സുരക്ഷാ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടവഞ്ചി സവാരിക്ക് പരി​മി​തമായ ഫീസ് ഈടാക്കുന്നുണ്ട്. പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, നൂറനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി.അജികുമാർ , ടൂറിസം സെന്റർ ഭാരവാഹി പത്മലാൽ തുടങ്ങിയവർ പങ്കെടുത്തു.