exam

അടുത്ത അദ്ധ്യയന വർഷം നടപ്പാക്കും

ന്യൂഡൽഹി: ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനം അടുത്ത അദ്ധ്യയന വർഷം (2022-23) മുതൽ ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്താൻ യു.ജി.സി കേന്ദ്ര സർവകലാശാലകൾക്ക് നിർദ്ദേശം നൽകി. 50 മാർക്കിനുള്ള കോമൺ ആപ്‌റ്റിറ്റ്യൂഡ് പേപ്പർ, അതത് വിഷയങ്ങളുമായി ബന്ധപ്പെട്ട് 90 മാർക്കിനുള്ള പേപ്പർ എന്നിവടങ്ങിയ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പൊതുപരീക്ഷയാണ് നടത്തുക. സംസ്ഥാനങ്ങൾക്കും, സ്വകാര്യ സർവകലാശാലകൾക്കും കംപ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള പൊതുപ്രവേശന മാതൃക പിന്തുടരാമെന്നും യു.ജി.സി വ്യക്തമാക്കി. നടപ്പു അദ്ധ്യയന വർഷം മുതൽ പൊതുപ്രവേശന പരീക്ഷ നടപ്പാക്കാൻ നേരത്തേ തീരുമാനിച്ചതാണെങ്കിലും കൊവിഡ് കണക്കിലെടുത്ത് നീട്ടുകയായിരുന്നു. പിഎച്ച്.ഡി പ്രവേശനത്തിനും പൊതുപ്രവേശന പരീക്ഷയുടെ മാർക്കുകൾ പരിഗണിക്കും. 45 കേന്ദ്ര സർവകലാശാലകളിൽ പൊതുപ്രവേശന പരീക്ഷയ്ക്കുള്ള നടപടിക്രമങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പൂർത്തിയാക്കി വരുന്നു. ഈ മാസം ഇതിന്റെ വിശദാംശങ്ങൾ പ്രഖ്യാപിക്കും.