mpsatstatue
പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കുമുന്നിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളിക്കുന്നു

ന്യൂഡൽഹി: പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട 12 എം.പിമാരും അവരെ പിന്തുണയ്ക്കുന്ന മറ്റ് പ്രതിപക്ഷ എം.പിമാരും ധർണ നടത്തുന്ന ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് ബി.ജെ.പി അംഗങ്ങൾ പ്രകടനമായെത്തിയത് പ്രകോപനം സൃഷ്‌ടിച്ചു.

വർഷകാല സമ്മേളനത്തിൽ നടന്ന എം.പിമാരും സുരക്ഷാ ജീവനക്കാരും തമ്മിലുള്ള കൈയേറ്റത്തിന്റെ ഫോട്ടോകളും പ്ളാക്കർഡുകളുമേന്തിയായിരുന്നു ബി.ജെ.പി അംഗങ്ങളുടെ പ്രകടനം. സഭയ്‌ക്കുള്ളിൽ മര്യാദകേട് കാട്ടിയതിനെ ന്യായീകരിക്കുകയാണ് സസ്‌പെ‌ൻഷനിലായ എം.പിമാരും പ്രതിപക്ഷവുമെന്ന് അവർ ആരോപിച്ചു. ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ഇരു പക്ഷവും നേർക്കു നേർ നിന്ന് മുദ്രാവാക്യം വിളിച്ചെങ്കിലും അനിഷ്‌ട സംഭവങ്ങളുണ്ടായില്ല.

എം.പിമാരെ അന്യായമായി സസ്‌പെൻഡ് ചെയ്‌ത ശേഷം മുറിവിൻമേൽ ഉപ്പു തേക്കുന്നതിന് തുല്യമാണ് ഭരണകക്ഷി എം.പിമാരുടെ പ്രവൃത്തിയെന്ന് ശശി തരൂർ എം.പി പറഞ്ഞു.