
ന്യൂഡൽഹി: വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ കോടതി ഉത്തരവിനെ തുടർന്ന് നിറുത്തിവച്ച ഡൽഹി സർക്കാരിന്റെ ആശുപത്രി നിർമാണ, നവീകരണ പ്രവർത്തനങ്ങൾക്ക് സുപ്രീം കോടതി അനുമതി നൽകി. ഡൽഹി സർക്കാരിന് വേണ്ടി അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയുടെ അപേക്ഷ പരിഗണിച്ച് ചീഫ് ജസ്‌റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഡൽഹി സർക്കാരിന്റെ വാദത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പിന്തുണച്ചു. മലിനീകരണം കുറയ്ക്കാൻ നടപടി സ്വീകരിക്കുന്നതിന് ഡൽഹി, കേന്ദ്ര സർക്കാരുകൾക്ക് 24 മണിക്കൂർ സമയം അനുവദിച്ച് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളും കോടതിയിൽ സമർപ്പിച്ചു.
17 ഫ്ലൈയിംഗ് സ്ക്വാഡുകൾ രൂപീകരിച്ചെന്നും ഇവരുടെ പ്രവർത്തനങ്ങളിൽ നടപടി എടുക്കാൻ അധികാരമുള്ള എൻഫോഴ്സ്മെന്റ് ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുമെന്നും എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ കോടതിയിൽ സത്യവാങ്ങ്മൂലം നൽകി.
തലസ്ഥാന പ്രദേശം മുഴുവൻ ടാസ്ക് ഫോഴ്സിന്റെ പ്രവർത്തന പരിധിയിലുണ്ടെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. പി.എൻ.ജി ഉപയോഗിച്ച് പ്രവർത്തിക്കാത്ത വ്യവസായങ്ങളുടെ പ്രവർത്തന സമയം എട്ട് മണിക്കൂറാക്കി. ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ആഴ്ചയിൽ 5 ദിവസമായി ചുരുക്കി.
മറ്റ് തീരുമാനങ്ങൾ
അടുത്ത 24 മണിക്കൂറിനുള്ളിൽ ഫ്ലൈയിംഗ് സ്ക്വാഡുകൾ 40 ആയി വർദ്ധിപ്പിക്കും
25 സൈറ്റുകളിൽ സ്ക്വാഡുകൾ പരിശോധന നടത്തി
300 കിലോമീറ്റർ പരിധിയിൽ 5 തെർമൽ പ്ലാന്റുകൾക്ക് മാത്രം പ്രവർത്തന അനുമതി. 11 എണ്ണം സിസം.15 വരെ പ്രവർത്തിക്കില്ല
പാകിസ്ഥാനിലെ വ്യവസായങ്ങൾ തടയാണോ?
പാകിസ്ഥാനിലെ വ്യവസായങ്ങളിൽ നിന്ന് വരുന്ന കാറ്റാണ് വായു മലിനീകരണത്തിന് കാരണമെന്ന യു.പി സർക്കാരിന്റെ അഭിഭാഷകൻ രഞ്ജിത് കുമാറിന്റെ വാദത്തിനിടയിൽ പാകിസ്ഥാനിലെ വ്യവസായങ്ങൾ തങ്ങൾ തടയണോയെന്ന് ചോദിച്ച് കോടതി. കരിമ്പ് വ്യവസായങ്ങൾ അടച്ച് പൂട്ടിയാൽ ഉല്പാദനത്തെ ബാധിക്കുമെന്ന യു.പിയുടെ വാദത്തിന് എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനെ സമീപിക്കാൻ കോടതി നിർദ്ദേശിച്ചു.
കോടതിയെ വില്ലന്മാരാക്കുന്നു
ഡൽഹി സ്കൂളുകൾ അടക്കുന്ന കാര്യത്തിൽ കോടതി എടുത്ത തീരുമാനങ്ങളിൽ ചില മാദ്ധ്യമങ്ങൾ കോടതിയെ വില്ലന്മാരായി ചിത്രീകരിച്ചതായി ചീഫ് ജസ്‌റ്റിസ് എൻ.വി. രമണ പറഞ്ഞു. ഒരു മാദ്ധ്യമം കോടതി ഭരണം ഏറ്റെടുത്തിരിക്കുകയാണെന്ന് പറഞ്ഞത് വളരെ ഗൗരവമായി കാണുകയാണെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.