d

ന്യൂഡൽഹി: രണ്ടു മാസത്തിലേറെയായി ഡൽഹിക്ക് ശ്വാസംമുട്ടാൻ തുടങ്ങിയിട്ട്. പൊടിയും മാലിന്യങ്ങളും ചേർന്ന് മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ശുദ്ധവായുവിനായി ആഞ്ഞുവലിക്കുകയാണ് മനുഷ്യർ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ചാറ്റൽമഴയിൽ പൊടി അല്പം ശമിച്ചെങ്കിലും മൂടലിനും വായു മലിനീകരണത്തിനും കുറവില്ല. ഇന്നലെയും 200 പോയിന്റിന് മുകളിലായിരുന്നു ഡൽഹിയിലെ വായു ഗുണനിലവാര സൂചിക(എ.ക്യു.ഐ). റോഡിലും റോഡരികിലുള്ള മരങ്ങളിലും വെള്ളം നനച്ച് പൊടി കഴുകിക്കളയുകയാണ്. ആറു വർഷത്തിലേറെയായി തണപ്പുകാലത്ത് ഡൽഹിയിലെ സ്ഥിതി ഇതാണ്.

ചൂടിൽനിന്ന് തണുപ്പിലേക്ക് മാറുന്ന ഒക്ടോബർ-നവംബർ മാസങ്ങളിൽ പതിവുള്ള മഴപെയ്യാത്തതും കാറ്റു വീശാത്തതും മൂലം അന്തരീക്ഷത്തിൽ അതിസൂക്ഷമ കണികകളും വിഷവാതകങ്ങളും തങ്ങിനിൽക്കാൻ ഇടയാകുന്നു. ഇവയ്ക്കൊപ്പം സാന്ദ്രീകരിച്ച ജലകണങ്ങളും ചേർന്ന് മൂടൽമഞ്ഞുണ്ടാകുന്നു. ഡൽഹിയിലും യു.പി, രാജസ്ഥാൻ, ഹരിയാന എന്നീ അയൽ സംസ്ഥാനങ്ങളുടെ ഡൽഹിയോടു ചേർന്നുള്ള പ്രദേശങ്ങളിലുമുണ്ടാകുന്ന അന്തരീക്ഷമലിനീകരണം തടയാൻ കേന്ദ്രസർക്കാർ പ്രത്യേക നിയമം പാസാക്കിയിട്ടും കർഷകരെ വയ്ക്കോൽ കത്തിക്കുന്നതിൽ നിന്ന് തടഞ്ഞിട്ടും വ്യവസായങ്ങൾ അടച്ചിട്ടിട്ടും ഫലമുണ്ടാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമില്ല.

ഡൽഹി ഐ.ടി.ഒ ജംഗ്ഷനിലെ അന്തരീക്ഷ ഗുണനിലവാര സൂചിക-എ.ക്യൂ.ഐ - നവംബർ 15 (അവലംബം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്)

2018 : 287

2019 : 451

2020 : 500

2021 : 346

(സുരക്ഷിതം 91ന് താഴെ)

മലിനീകരണത്തിനു പിന്നിൽ

10 മൈക്രോമീറ്ററിൽ താഴെയും 2.5 മൈക്രോമീറ്ററിൽ താഴെയുമുള്ള രണ്ടുതരം കണികാദ്രവ്യങ്ങൾ (പർട്ടിക്കുലേറ്റ് മാറ്റർ - പി.എം) ആണ് അന്തരീക്ഷത്തിൽ മൂടുന്നത്. വാഹനങ്ങൾ, വ്യവസായശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിഷപ്പുക, നിർമ്മാണ സ്ഥലങ്ങളിൽനിന്നും പാടങ്ങൾ കത്തിക്കുമ്പോഴും ഉണ്ടാകുന്ന പൊടി, കരി എന്നിവയും ജലകണം, ഉപ്പ്, ആസിഡ്, പൂമ്പൊടികൾ എന്നിവയും കൂടിക്കലർന്നാണ് കണികാദ്രവ്യങ്ങൾ രൂപപ്പെടുന്നത്. നൈട്രജൻ ഡയോക്സൈഡ്, സർഫർ ഡയോക്‌സൈഡ്, കാർബൺ ഡൈ ഒാക്സൈഡ് എന്നിവയാണ് മറ്റു ഘടകങ്ങൾ. മനുഷ്യന്റെ മുടിയുടെ വണ്ണം 70 മൈക്രോമീറ്റർ ആണ്.

ദോഷഫലങ്ങൾ

കണികാദ്രവ്യങ്ങൾ നേരിട്ട് ശ്വാസകോശത്തിലെത്തി കഫക്കെട്ട്, ശ്വാസംമുട്ടൽ, തൊണ്ടവേദന, ജലദോഷം, തലവേദന തുടങ്ങിയവയ്ക്ക് കാരണമാകുന്നു

മലിനീകരണത്തിന്റെ പങ്ക്:

-വാഹനങ്ങൾ: 50%-53%

-വീടുകൾ:12.5%-13.5%

- വ്യവസായങ്ങൾ:9.9%-13.7%

-കെട്ടിട നിർമ്മാണം:6.7%-7.9%

-മാലിന്യങ്ങൾ കത്തിക്കൽ: 4.6%-4.9%

-റോഡിലെ പൊടി-3.6%-4.1%

(ആധാരം: സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ്)

-വിലക്കും നിയന്ത്രണവും-

 സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് പൂട്ടി

കെട്ടിട നിർമ്മാണത്തിനും ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങൾക്കും നിയന്ത്രണം

വ്യവസായങ്ങൾക്കും ജനറേറ്ററുകൾക്കും നിയന്ത്രണം

 സ്വകാര്യ വാഹനങ്ങൾ കുറയ്ക്കാൻ നിർദ്ദേശം

പൊതുഗതാഗതത്തിന് കൂടുതൽ ബസുകൾ നിരത്തിൽ