sudha-bharadwaj

ന്യൂഡൽഹി: ഭീമ കൊറെഗാവ് കേസിൽ പ്രതിയായ ആക്ടിവിസ്റ്റും അഭിഭാഷകയുമായ സുധ ഭരദ്വാജിന് ഉപാധികളോടെ ജാമ്യം. മുംബയിൽ എൻ.ഐ.എ പ്രത്യേക കോടതിയുടെ പരിധിയിൽ താമസിക്കണമെന്നും പരസ്യപ്രസ്താവനകൾ നടത്തരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. കോടതിയുടെ അനുവാദമില്ലാതെ മുംബയ് വിടരുത്. താമസിക്കുന്ന സ്ഥലത്തെ മേൽവിലാസവും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും കോടതിയെ അറിയിക്കണം. താമസസ്ഥലം സ്ഥിരീകരിക്കുന്നതിന് എൻ.ഐ.എ നേരിട്ടോ വെർച്ച്വൽ ആയോ വെരിഫിക്കേഷൻ നടത്തും. രണ്ട് പേരുടെ ജാമ്യത്തിലും അമ്പതിനായിരം രൂപ കെട്ടിവെച്ചും ജാമ്യത്തിലിറങ്ങാം. ഛത്തീസ്ഗഢിലേക്കും ഡൽഹിയിലേക്കും യാത്ര ചെയ്യാൻ അനുമതി വേണമെന്നും അഭിഭാഷകയായ കക്ഷിയുടെ ഉപജീവന മാർഗമാണിതെന്നുമുള്ള സുധ ഭരദ്വാജിന്റെ അഭിഭാഷകന്റെ അപേക്ഷ കോടതി തള്ളി.

2018ലെ ഭീമ കൊറെഗാവ് കേസിൽ പ്രതിയായ സുധ ഭരദ്വാജിന് ഡിസം.ഒന്നിനാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് എൻ.ഐ.എ ജാമ്യം റദ്ദാക്കാൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങളൊന്നും കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു. 25 വർഷത്തിലെറെയായി ഛത്തീസ്ഗഢിലെ ട്രേഡ് യൂണിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സുധ പി.യു.സി.എൽ ഛത്തീസ്ഗഢ് യൂണിറ്റ് ജനറൽ സെക്രട്ടറിയാണ്.