
മേൽനോട്ട സമിതി നോക്കുകുത്തി, പ്രത്യേക സമിതി വേണം
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് രാത്രിയിൽ മുന്നറിയിപ്പില്ലാതെ വെള്ളമൊഴുക്കുന്നത് നിറുത്താൻ തമിഴ്നാടിന് നിർദ്ദേശം നൽകണമെന്ന് കേരളം സുപ്രീംകോടതിയോട് അഭ്യർത്ഥിച്ചു.
പെരിയാറിന്റെ തീരത്തെ ജനങ്ങളുടെ ദുരിതങ്ങൾ മനസിലാക്കുന്നതിൽ മേൽനോട്ട സമിതി പരാജയപ്പെട്ടെന്നും സ്‌പിൽവേ വഴി ഒഴുക്കാനുള്ള വെള്ളത്തിന്റെ അളവു നിശ്ചയിക്കാൻ ഇരു സംസ്ഥാനങ്ങളുടെയും വിദഗ്ദ്ധ പ്രതിനിധികൾ അടങ്ങിയ സമിതി രൂപീകരിക്കണമെന്നും കേരളം സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. രാത്രിയിൽ വെള്ളം തുറന്നതിന്റെ ബുദ്ധിമുട്ടുകൾ വ്യക്തമാക്കാൻ ഫോട്ടോകളും നാശനഷ്‌ടങ്ങളുടെ വിവരങ്ങളും സമർപ്പിച്ചിട്ടുണ്ട്. നാളെ കേസ് പരിഗണിക്കും.
ഷട്ടർ തുറക്കുന്നതിന് 24 മണിക്കൂർ മുമ്പ് കേരളത്തെ അറിയിക്കണം. രാത്രി ഷട്ടർ തുറക്കുന്നത് മൂലം പെരിയാറിന്റെ തീരത്തുള്ളവരുടെ ദുരിതം ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്കും കത്തയച്ചു. മേൽനോട്ട സമിതിയെയും ആശങ്ക അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ആളുകളെ ഒഴിപ്പിക്കാനായി, ഷട്ടർ തുറക്കുന്നതിന് ആറുമണിക്കൂർ മുൻപ് അറിയിക്കണമെന്നും രാത്രി വെള്ളം തുറന്നുവിടരുതെന്നും അഭ്യർത്ഥിച്ച് ഇടുക്കി കളക്‌ടർ തേനി കളക്‌ടർക്കും കത്തെഴുതി. എന്നാൽ നവംബർ 30 മുതൽ ഇങ്ങോട്ട് തമിഴ്നാട് അധികൃതർ നിരന്തരം രാത്രിയിൽ ഷട്ടർ തുറന്ന് വിടുന്നതിനാൽ പെരിയാറിന്റെ തീരത്ത് വെള്ളം കയറി ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്.
മേൽനോട്ട സമിതി ഉത്തരവാദിത്വം കാണിക്കാത്ത സാഹചര്യത്തിൽ സുപ്രീംകോടതിയോട് അഭ്യർത്ഥിക്കുകയല്ലാതെ വഴിയില്ലെന്നും സ്റ്റാൻഡിംഗ് കോൺസൽ അഡ്വ. ജി. പ്രകാശ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സ്പിൽവേ ഷട്ടറിലൂടെ തുറന്നു വിടേണ്ട വെള്ളത്തിന്റെ അളവു നിശ്ചയിക്കാൻ കേരള, തമിഴ്നാട് സംസ്ഥാനങ്ങളുടെ രണ്ട് പ്രതിനിധികൾ വീതമുള്ള സമിതി രൂപീകരിക്കണമെന്നും കേരളം അഭ്യർത്ഥിച്ചു.