
ന്യൂഡൽഹി: കൈയ്യും കണക്കുമില്ലാതെ മൊബൈൽ കണക്‌ഷൻ എടുക്കുന്നവർക്ക് വൈകാതെ പിടി വീഴും. ഒരു വ്യക്തിയുടെ പേരിൽ 9ൽ കൂടുതൽ മൊബൈൽ കണക്‌ഷനുകൾ എടുത്തിട്ടുണ്ടെങ്കിൽ അവ പരിശോധിച്ച് ആവശ്യമെങ്കിൽ റദ്ദാക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി. ഒരാളുടെ രേഖ ഉപയോഗിച്ച് ഒന്നിലധികം കണക്‌ഷനുകൾ എടുക്കുന്നതും അവ ദുരുപയോഗം ചെയ്യുന്നതും വ്യാപകമായ സാഹചര്യത്തിലാണിത്.
ഉപയോഗിക്കാത്തതും സംശയകരമായ സാഹചര്യത്തിലുള്ളതുമായ മൊബൈൽ കണക്‌ഷനുകൾ കണ്ടെത്തി ഉപഭോക്താവിനെ അറിയിക്കണം. ദുരുപയോഗം ചെയ്യുന്നതായി പരാതിയുയരുന്ന നമ്പരുകൾ ഉടൻ റദ്ദാക്കപ്പെടും. ബന്ധുക്കളും മറ്റും ഉപയോഗിക്കുന്നവ തിരികെ വാങ്ങി വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. ഇല്ലെങ്കിൽ ഇത്തരം നമ്പരുകളുടെ ഔട്ട്ഗോയിംഗ്, ഇൻകമിംഗ് സേവനങ്ങൾ ഘട്ടം ഘട്ടമായി റദ്ദാക്കപ്പെടും.