ന്യൂഡൽഹി : കാമരാജ് മാർഗ് വസതിയിലെ പൊതുദർശനവും തുടർന്ന് പത്ത് കിലോമീറ്റർ താണ്ടിയ വിലാപയാത്രയും കഴിഞ്ഞ് വൈകിട്ട് അഞ്ചോടെയാണ് റാവത്തിന്റെയും പത്നിയുടെയും സംസ്കാരം നടന്നത്. വിലാപയാത്രയിൽ പാതയോരങ്ങളിൽ ദേശീയ പതാകയേന്തി കാത്തുനിന്ന വൻ ജനാവലി ഇരുവർക്കും പുഷ്പാർച്ചനയോടെ വിട നൽകി.
രാജ്നാഥ് സിംഗ്, അമിത് ഷാ, നിർമ്മലാ സീതാരാമൻ, എസ്. ജയശങ്കർ, വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ അടക്കം കേന്ദ്രമന്ത്രിമാരും കേരളത്തിൽ നിന്നടക്കമുള്ള എംപിമാരും യു.പി, ഹരിയാന, ഡൽഹി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും മൂന്ന് സേനാ മേധാവിമാരും വിദേശ അംബാസിഡർമാരും സൈനിക മേധാവിമാരും ആദരാഞ്ജലി അർപ്പിച്ചു.
മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള പരിശോധന പുരോഗമിക്കുകയാണ്. പരിക്കേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗിന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു.കുനൂർ അപകടത്തിൽ പരിക്കേറ്റ് അതീവഗുരുതരാവസ്ഥയിലുള്ള ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗ് ബാംഗ്ളൂർ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച ഉദ്യോഗസ്ഥരുടെ ഡി.എൻ.എ സാമ്പിളുകൾ സേനയിൽ ലഭ്യമായതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ വേഗത്തിൽ നടക്കുന്നുണ്ട്. മറ്റുള്ളവരുടെ മൃതദേഹങ്ങൾ ബന്ധുക്കളിൽ നിന്ന് സ്വീകരിച്ച ഡി.എൻ.എ സാമ്പിൾ ഡൽഹി ആർമി ആശുപത്രിയിൽ പരിശോധിച്ച് തിരിച്ചറിഞ്ഞ ശേഷമാകും ബന്ധുക്കൾക്ക് നൽകുക. ഡൽഹിയിലെത്തുന്ന ബന്ധുക്കളെ നേരിട്ട് കാണിച്ച് തിരിച്ചറിയാൻ ശ്രമിക്കും. ഡൽഹി ആർമി ബേസ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.