
ന്യൂഡൽഹി: വാരാണസിയിലെ വിഖ്യാതമായ കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദേവനെ തൊഴാൻ ഇനി സ്വകാര്യ കെട്ടിടങ്ങൾക്കിടയിലും ഇടുങ്ങിയ ഇടനാഴികളിലും തിങ്ങിനിന്ന് ബുദ്ധിമുട്ടേണ്ട. നവീകരിച്ച് അതിവിശാലമാക്കിയ ക്ഷേത്ര ഇടനാഴി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ അയോദ്ധ്യയ്‌ക്ക് പുറമെ പ്രചാരണവിഷയമാക്കാൻ ലക്ഷ്യമിട്ടാണ് യോഗി ആദിത്യനാഥ് സർക്കാർ 800 കോടി ചെലവിൽ കാശിവിശ്വനാഥ ധാം പദ്ധതി നടപ്പാക്കുന്നത്. വാരാണസി എം.പിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അഭിമാന പദ്ധതിയാണിത്. ഇതിന്റെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നത്. സ്വകാര്യ കെട്ടിടങ്ങൾക്ക് നടുവിൽ 2700 ചതുരശ്ര അടിയിൽ ഒതുങ്ങിക്കിടന്ന ക്ഷേത്രത്തെ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്‌തൃതിയിൽ മഹാസമുച്ചയമാക്കുന്നതാണ് പദ്ധതി. ഡൽഹിയിൽ സെൻട്രൽ വിസ്‌ത ഡിസൈൻ ചെയ്‌ത മോദിയുടെ വിശ്വസ്തൻ ബിമൽ പട്ടേലിന്റേതാണ് രൂപകല്പന. മോദി നേരിട്ട് മേൽനോട്ടം വഹിച്ചു.
ഒരേസമയം 75,000 ഭക്തർ
ക്ഷേത്രത്തിൽ ഒരേസമയം 50,000-75,000 പേർക്ക് തൊഴാം
ഭക്തർക്ക് വിശ്രമിക്കാനും ധ്യാനിക്കാനും തുറസായ മന്ദിർ ചൗക്ക്
ഭിന്നശേഷിക്കാർക്ക് സൗകര്യമായ പടവുകളുണ്ട്
ദിവസം രണ്ടുലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നു
1780ൽ നിർമ്മിച്ച ക്ഷേത്രസമുച്ചയത്തിൽ 24 കെട്ടിടങ്ങൾ
2018ൽ തുടങ്ങിയ നവീകരണം
314 കെട്ടിടങ്ങൾ പൊന്നുംവിലയ്‌ക്ക് വാങ്ങി
1400 ആളുകളെ ഒഴിപ്പിച്ചു
60 ചെറിയ ക്ഷേത്രങ്ങൾ സമുച്ചയത്തിന്റെ ഭാഗമാക്കി
തുടർവികസനം ഇങ്ങനെ
ക്ഷേത്രത്തിലേക്ക് ഗംഗാനദിയിൽ നിന്ന് മൂന്ന് ഗേറ്റുകൾ
നദിയിൽ നിന്ന് കയറാൻ എസ്കലേറ്ററുകളും റാമ്പുകളും
നദിക്കരയിൽ 'ഗംഗാ വ്യൂ' ഗാലറി
ഗംഗാ ആരതി ഘട്ടുകളും ക്ഷേത്രപാതയും
ബോട്ടിലും ക്ഷേത്രത്തിലേക്ക് എത്താം
അതിഥി മന്ദിരം, മ്യൂസിയം, ഫുഡ് കോർട്ടുകൾ, വാണിജ്യ സമുച്ചയങ്ങൾ