
ന്യൂഡൽഹി: എൽ.ഡി.എഫ് സർക്കാർ വിദ്യാഭ്യാസ രംഗത്ത് പാർട്ടി സംവരണം നടപ്പാക്കിയിരിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ മേഖല നാലാം കിട വൈസ് ചാൻസലർമാരുടെ വഴിയമ്പലമായെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
മന്ത്രി രാജീവിന്റെ ഭാര്യയ്ക്ക് കൊച്ചി സർവകലാശാലയിലും മുൻ എംപി പി.കെ. ബിജുവിന്റെ ഭാര്യയ്ക്ക് കേരള സർവകലാശാലയിലും നിയമനം നൽകി. കണ്ണൂർ വിസിക്ക് പുനർ നിയമനം നൽകിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. കലാമണ്ഡലം വിസി ഗവർണർക്കെതിരെ ഹൈക്കോടതിയിൽ പോയത് സർക്കാരിന്റെ പിന്തുണയോടെയാണ്. പാർട്ടി ഓഫീസിൽ ജോലി നൽകുന്നത് പോലെ ആണ് നിയമനം നടക്കുന്നത്. നിയമനത്തിന് പാർട്ടി ബന്ധവും രാഷ്ട്രീയവുമാണ് മാനദണ്ഡം. സർവകലാശാലകൾ സി.പി.എമ്മിന്റെ സ്വകാര്യ സ്വത്താണോ. സർവകലാശാലകൾ ഈജിയൻ തൊഴുത്തായി. ഗവർണറുടെ വിമർശനം കേൾക്കാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ.
പിണറായിയുടെ ഭരണത്തിൽ ഭരണത്തലവനായ ഗവർണർക്ക് പോലും രക്ഷയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. സംഭവം കേരള ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. അക്കാഡമിക് രംഗങ്ങളിൽ പാർട്ടി അജണ്ട നടപ്പാക്കൽ ഒന്നാം പിണറായി സർക്കാർ തുടക്കമിട്ടതാണ്. നേതാക്കൻമാരുടെ ബന്ധുക്കളെ സർവകലാശാകളിൽ കുടിയിരുത്തി ബ്രാഞ്ച് കമ്മിറ്റി ആക്കി മാറ്റി. അക്കാഡമിക് നിലവാരം ഇടിക്കുന്ന നടപടി മൂലം ഗവർണറും മുഖ്യമന്ത്രിയും ഏറ്റുമുട്ടുന്ന സ്ഥിതിയായി. ബി.ജെ.പി നോമിനി ആണെങ്കിലും ഗവർണർ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി എന്താണ് ചെയ്യുന്നത്. ഗവർണറുടെ അധികാരത്തിൽ കൈ കടത്തുന്നത് മുഖ്യമന്ത്രിക്ക് യോജിച്ചതല്ല.