covid

ന്യൂഡൽഹി: ഒമിക്രോൺ പശ്ചാത്തലത്തിൽ പത്ത് ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി(ടി.പി.ആർ) റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ കർശനമായ നിയന്ത്രണം നടപ്പാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കേസുകൾ കൂടി ക്ളസ്റ്ററുകൾ രൂപപ്പെട്ടാൽ കണ്ടെയ്ൻമെന്റ് നടപടികൾ കർശനമാക്കണം. കേരളം, മിസോറാം, സിക്കിം സംസ്ഥാനങ്ങളിലെ എട്ട് ജില്ലകളിൽ രണ്ടാഴ്ചയായി ടി.പി.ആർ പത്തു ശതമാനത്തിന് മുകളിൽ നിൽക്കുന്ന സാഹചര്യത്തിലാണിത്.

ജില്ലകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ക്ളസ്റ്ററുകൾ രൂപപ്പെടുകയും ചെയ്‌താൽ പ്രാദേശിക തലത്തിൽ കണ്ടെയ്‌ൻമെന്റ് നടപടികൾ കർശനമാക്കണം. ടി.പി.ആർ പത്തിന് മുകളിലുള്ള സ്ഥലങ്ങളിൽ 60ശതമാനത്തിന് മുകളിൽ ആശുപത്രി കിടക്കകളും ഒാക്‌സിജൻ സൗകര്യമുള്ള ഐ.സി.യു കിടക്കകളും നിറഞ്ഞാൽ ചെയ്‌താൽ സാമൂഹിക, രാഷ്‌ട്രീയ, കായിക, വിനോദ, അക്കാഡമിക്, ഉൽസവങ്ങൾ, മരണാനന്തര ചടങ്ങുകൾ തുടങ്ങി ആളുകൾ കൂടുന്ന പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. പനി, ശ്വാസകോശ രോഗങ്ങൾ റിപ്പോർട്ട് ചെയ്‌താൽ ആന്റിജൻ, ആർടി.പി.സി.ആർ പരിശോധനകൾ നടത്തണം. അഞ്ചിനും പത്തിനുമിടയിൽ ടി.പി.ആർ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളുള്ള കേരളം, മിസോറാം,അരുണാചൽപ്രദേശ്, പുതുച്ചേരി, മണിപ്പൂർ, പശ്‌ചിമബംഗാൾ, നാഗലാൻഡ് സംസ്ഥാനങ്ങളോടും ജാഗ്രത പാലിക്കാൻ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ പറയുന്നു.

 ഡൽഹിയിൽ ഒരാൾക്കു കൂടി ഒമിക്രോൺ

സിംബാബ്‌വേയിൽ നിന്നെത്തിയ ഒരു യാത്രക്കാരന് കൂടി പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ഡൽഹിയിലെ രണ്ടാമത്തെ ഒമിക്രോൺ കേസാണിത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 33ആയി.ഇതിൽ 17ഉം മഹാരാഷ്‌ട്രയിലാണ്. സിംബ്‌ബാ‌വയിൽ നിന്നാണ് വന്നതെങ്കിലും ഒമിക്രോൺ സ്ഥിരീകരിച്ച ആൾ ദക്ഷിണാഫ്രിക്കയിൽ പോയതായും ഡൽഹി സർക്കാർ അറിയിച്ചു. രണ്ട് ഡോസ് വാക്‌സിൻ എടുത്തയാളാണ്. അതേസമയം, മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിച്ച ഒന്നരവയസ്സുകാരി രോഗമുക്തി നേടി.