farmers

ന്യൂഡൽഹി: കർണാൽ-ഡൽഹി-അംബാല, ഡൽഹി-ഹിസാർ ദേശീയ പാതകളിലും മറ്റ് സംസ്ഥാന പാതകളിലും ഒരു വർഷത്തിലേറെയായി തമ്പടിച്ചിരുന്ന കർഷകർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. ദേശീയ പാതകളുടെ ഒരുവശം കയ്യേറി നിർമ്മിച്ച താത്ക്കാലിക കൂടാരങ്ങൾ ജെ.സി.ബിയും മറ്റുമുപയോഗിച്ച് പൊളിക്കുന്ന ജോലി വരും ദിവസങ്ങളിലും തുടരും.

സമരകേന്ദ്രമായ ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘു, ത്രികി, യു.പി അതിർത്തിയായ ഗാസിപ്പൂരിലും രാവിലെ സമരത്തിനിടെ മരിച്ചവർക്ക് നിത്യശാന്തിക്കായി പ്രാർത്ഥിച്ച ശേഷമാണ് കൂടാരങ്ങൾ പൊളിച്ചത്. കുടിൽ മേയാനുപയോഗിച്ച സാമഗ്രികളും കിടക്കകൾ, ഭക്ഷണം പാകം ചെയ്ത പാത്രങ്ങൾ എന്നിവയും ട്രോളികളിലും ട്രക്കുകളിലും നിറച്ചാണ് മടക്കം. കുടിൽ പൊളിക്കൽ തുടരുന്നതിനാൽ ചിലർ സമരവേദികളിൽ തുടരുന്നുണ്ട്. റോഡിലെ താത്ക്കാലിക നിർമ്മിതികൾ പൊളിച്ചും ചപ്പും ചവറും നീക്കം ചെയ്‌തും വൃത്തിയാക്കുമെന്ന് കർഷകർ പറഞ്ഞു. തിക്രിയിൽ 60ശതമാനം കൂടാരങ്ങളും പൊളിച്ചതായി അവിടുത്തെ കർഷകർ അറിയിച്ചു.

പൂമാലകൾ കെട്ടി അലങ്കരിച്ച ട്രോളിയിൽ കയറി 'ബാംഗ്ഡ' നൃത്തം ചവിട്ടി, ദേശീയ പതാകയേന്തി ആഘോഷമാക്കിയായിരുന്നു മടക്കം. വനിതകൾ അടക്കം റോഡിൽ നിന്നും നൃത്തം ചവിട്ടി. റോഡിലൂടെ കടന്നു പോയവർക്ക് ലഡ്ഡുവും ബർഫിയും വിതരണം ചെയ്‌തു.

ട്രാക്‌‌ടറുകളും ട്രോളികളും ഒന്നിച്ച് കടന്നുപോയത് ഡൽഹി-ഹരിയാനാ ദേശീയ പാതയിൽ ഗതാഗതക്കുരുക്കിനും കാരണമായി. സാധനങ്ങൾ കയറ്റാനുള്ള ട്രക്കുകൾ നിരനിരയായി നിറുത്തിയതും ഗതാഗതം സ്‌തംഭിപ്പിച്ചു. ഹരിയാനയിലെയും പഞ്ചാബിലെയും ഉത്തർപ്രദേശിലെയും ഗ്രാമങ്ങളിൽ മടങ്ങിയെത്തിയവർക്ക് ലഭിച്ചത് വീരോചിത സ്വീകരണം.

ജനു.17ന് വീണ്ടും യോഗം കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുമോ എന്നതാകും വരും ദിവസങ്ങളിൽ കർഷക സംഘടനകൾ പരിശോധിക്കുക. യോഗത്തിൽ കേന്ദ്രസർക്കാരിന്റെ നടപടികൾ അവലോകനം ചെയ്യും. ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ യു.പി, പഞ്ചാബ് തിരഞ്ഞെടുപ്പുകളിൽ സർക്കാരിനെതിരെ വ്യാപക പ്രചാരണത്തിനിറങ്ങുമെന്നും കർഷക നേതാക്കൾ സൂചിപ്പിച്ചു.