
ന്യൂഡൽഹി: ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്. ഒരു രാഷ്ട്രീയ പാർട്ടികളും തന്റെ പേരോ ചിത്രമോ പോസ്റ്ററുകളിൽ ഉപയോഗിക്കരുത്. കഴിഞ്ഞ ദിവസം ഗാസിപ്പൂർ അതിർത്തിയിലെ സമരകേന്ദ്രത്തിൽ നിന്നും മീററ്റിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം നവം.28 മുതൽ ഗാസിപ്പൂർ അതിർത്തിയിൽ തുടർച്ചയായി കർഷകസമരം നയിക്കുകയായിരുന്നു ടിക്കായത്. മൂന്ന് വിവാദ കാർഷിക നിയമങ്ങളും പിൻവലിച്ച കേന്ദ്രം, കർഷക സംഘടനകളുമായി ഉണ്ടാക്കിയ ധാരണകൾ സംബന്ധിച്ച് അവലോകനം നടത്താൻ ജനുവരി 15ന് യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കും. സമരം താത്ക്കാലികമായാണ് നിറുത്തിവച്ചത്. അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തെ പിന്തുണച്ചവർക്കും ഞങ്ങൾക്ക് അവശ്യസാധനങ്ങളെത്തിച്ചവർക്കും ടിക്കായത് നന്ദി അറിയിച്ചു.
ഡൽഹി പൊലീസിൽ ഹെഡ് കോൺസ്റ്റബിളായിരുന്ന ടിക്കായത് 1992ൽ ജോലി ഉപേക്ഷിച്ചു.
2007ൽ യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ ഖതൗലി മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.പിയിലെ അംറോഹ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ 9823 വോട്ടുകളാണ് ലഭിച്ചത്.