p

ന്യൂഡൽഹി: കള്ളവോട്ട് തടയാൻ ആധാറും തിരഞ്ഞെടുപ്പ്

ഐ.ഡി കാർഡും സ്വമേധയാ ബന്ധിപ്പിക്കുന്നതുൾപ്പെടെ സമഗ്രമായ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾക്കുള്ള ജനപ്രാതിനിദ്ധ്യ നിയമ ഭേദഗതി ബില്ല് വരുന്നു. 2015ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തുടക്കമിട്ട നാഷണൽ ഇലക്‌ടറൽ ലാ പ്യൂരിഫിക്കേഷൻ ആൻഡ് ഓതന്റിക്കേഷൻ പദ്ധതിയുടെ തുടർച്ചയാണ് ബില്ല്.

ആധാർ നമ്പർ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്നത്,​ സ്വകാര്യതയുടെ ലംഘനമാകുമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ 2015 ൽ നിർത്തിവച്ചിരുന്നു. ഇത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശങ്ങൾ സർക്കാർ പരിഗണനയിലായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ ബില്ലിന് അനുമതി നൽകിയതോടെ ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിച്ചേക്കും.

പരിഷ്‌കാരങ്ങൾ

ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കുന്നതോടെ ഒരാൾ പല സ്ഥലങ്ങളിലെ വോട്ടർ പട്ടികയിൽ എൻറോൾ ചെയ്യുന്നതും അതുവഴി കള്ളവോട്ട് ചെയ്യുന്നതും തടയാം.

ആരെയും നിർബ്ബന്ധിക്കാതെ സ്വമേധയാ ആധാർ നമ്പർ ബന്ധിപ്പിക്കുമെന്നാണ് ബില്ലിൽ പറയുന്നത്.

ആധാർ ബന്ധിപ്പിക്കാത്ത വോട്ടർ ഐഡി സൂക്ഷ്മമായി നിരീക്ഷിക്കും

18 വയസ് പൂർത്തിയാകുന്നവർക്ക് വർഷത്തിൽ നാല് തവണ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. നിലവിൽ ജനുവരി 1നോ മുമ്പോ 18 വയസ് തികയുന്നവർക്ക്‌ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇതിന് അവസരം.

സൈനികരുടെ ഭാര്യക്ക് സർവ്വീസ് വോട്ടറാകാം എന്നത് മാറ്റി ജീവിത പങ്കാളി എന്നാക്കി ലിംഗനീതി ഉറപ്പാക്കി. ഇനി സ്ത്രീ സൈനികരുടെ ഭർത്താക്കന്മാർക്കും സർവീസ് വോട്ടറാകാം.

പെയ്ഡ് ന്യൂസ്, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അയോഗ്യതയ്ക്കുള്ള കാരണങ്ങൾ, തിരഞ്ഞെടുപ്പിലെ സാമ്പത്തിക നിയന്ത്രണം, അഭിപ്രായ വോട്ടെടുപ്പ് എന്നീ കാര്യങ്ങളിലും സുപ്രധാന നിർദ്ദേശങ്ങൾ ബില്ലിലുണ്ട്.

സ്‌ത്രീകൾക്കും വിവാഹപ്രായം 21

സ്ത്രീ, പുരുഷ വിവാഹ പ്രായം ഏകീകരിച്ച് 21വയസാക്കുന്നതിനുള്ള ബില്ലും ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. സ്ത്രീ പുരുഷ സമത്വം, ജനസംഖ്യാനിയന്ത്രണം തുടങ്ങിയവ ലക്ഷ്യമിടുന്ന കരട് ബില്ല് ബാല വിവാഹ നിരോധന നിയമം ഭേദഗതി ചെയ്‌താവും നടപ്പാക്കുന്നത്. ഇതനുസരിച്ച് സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 ആകും. ജയ ജറ്റ്‌ലി അദ്ധ്യക്ഷയും ഡോ.വി.കെ.പോൾ, നജ്മ അക്തർ തുടങ്ങിയവർ അംഗങ്ങളുമായ സമിതിയുടെ ശുപാർശ അനുസരിച്ചാണ് ഭേദഗതി.