
ന്യൂഡൽഹി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരളം നിർദ്ദേശിച്ച ജനവാസ മേഖലയും ജലാശയങ്ങളും തോട്ടങ്ങളും ഉൾപ്പെട്ട 1337.24 ചതുരശ്ര കിലോമീറ്റർ നോൺ കോർ മേഖലയായി കണക്കാക്കും. അവിടെ എന്തൊക്കെ പ്രവൃത്തികൾ നടത്താമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് കേരളത്തിലെ എം.പിമാരുമായുള്ള ചർച്ചയിൽ വ്യക്തമാക്കി. എല്ലാ തീരുമാനവും കോടതി വിധിക്ക് വിധേയമായിരിക്കുമെന്നും മന്ത്രി ഒാർമ്മിപ്പിച്ചു.
പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് നിലവിലുള്ള പ്രവൃത്തികൾ തുടരുന്ന രീതിയിൽ തീരുമാനമെടുക്കാമെന്നും അതിന്റെ നിയന്ത്രണം സംസ്ഥാന സർക്കാരിനായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു. അതെന്തൊക്കെയെന്ന് സംസ്ഥാനം അറിയിക്കണം. എന്നാൽ നോൺ കോർ മേഖലയായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കേന്ദ്രസർക്കാരിനും അക്കാര്യത്തിൽ വ്യക്തതക്കുറവുണ്ടെന്നും, കോടതി ഇടപെടലിനെ ഭയപ്പെടുന്നുണ്ടെന്നും ചർച്ചയ്‌ക്കു ശേഷം സി.പി.എം എം.പിമാരായ ഡോ. വി. ശിവദാസനും ജോൺ ബ്രിട്ടാസും പറഞ്ഞു.
കേരളത്തിന്റെ നിലപാടിൽ ആശയക്കുഴപ്പമുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് എം.പിമാരായ ആന്റോ ആന്റണി, എം.കെ. രാഘവൻ, ഡീൻ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠൻ എന്നിവർ പറഞ്ഞു. അന്തിമ വിജ്ഞാപനം വരാൻ ഏതാനും ദിവസം മാത്രം ബാക്കിയിരിക്കെ, ഒഴിവാക്കപ്പെടേണ്ട സ്ഥലം സർക്കാർ അടയാളപ്പെടുത്തണം. നോൺ കോർ മേഖലയിലെ പ്രവൃത്തികൾ സംബന്ധിച്ച് സംസ്ഥാനം അറിയിക്കുന്നതു പ്രകാരം വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായും അവർ അറിയിച്ചു. എന്നാൽ, പരിസ്ഥിതി ദുർബല മേഖല 92 ഗ്രാമങ്ങളിലായി 8656.4 ചതുരശ്ര കിലോമീറ്ററിൽ ഒതുക്കിയ പി.എച്ച്. കുര്യൻ റിപ്പോർട്ട് സംസ്ഥാന സർക്കാർ 2018ൽ സമർപ്പിച്ചതാണെന്നും അക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നും സി.പി.എം എം.പിമാർ അറിയിച്ചു. ഡിസംബർ 31ന് മുൻപ് അന്തിമ വിജ്ഞാപനം ഇറക്കാനുള്ള നടപടികളിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.