supreme-court

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണം തടയാൻ ശാശ്വത പരിഹാരത്തിനായി പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കാൻ എയർ ക്വാളിറ്റി കമ്മീഷന് സുപ്രീം കോടതി നിർദ്ദേശം. ചിഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ഒരു വിദദ്ധ സംഘത്തിന് രൂപം നൽകാനും കോടതി നിർദ്ദേശിച്ചു.

തലസ്ഥാന നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വായു മലിനീകരണത്തിൽ നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഈ പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കുമെന്ന കേന്ദ്ര സർക്കാർ വാദവും കോടതി രേഖപ്പെടുത്തി. കേസ് അടുത്തമാസം ആദ്യവാരം വീണ്ടും പരിഗണിക്കും.എല്ലാദിവസം 8 മണിക്കൂർ പ്രവർത്തിച്ചിരുന്ന വ്യവസായങ്ങൾ 2 ദിവസം വെട്ടിക്കുറച്ച് 5 ദിവസമാക്കിയെന്നും അടിയന്തിര നടപടികളോടൊപ്പം ദീർഘകാല നടപടികളും സ്വീകരിക്കുന്നതിനാൽ മലിനീകരണം എല്ലാ വർഷവും രൂക്ഷമായി തുടരില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

പാൽ,പാലുല്പന്ന സംസ്‌കരണം, ജീവൻ രക്ഷാ മരുന്നുകളുടെ നിർമ്മാണം, മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട വ്യാവസായിക പ്രക്രിയകളുടെ പ്രവർത്തനത്തിന് 24 മണിക്കൂറും അനുവാദം നൽകിയതായും സത്യവാങ്മൂലത്തിലൂടെ അദ്ദേഹം കോടതിയെ അറിയിച്ചു.