
അമിത് ഷായെ കണ്ട് അജയ് മിശ്ര
ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകരുടെ മരണത്തിൽ കലാശിച്ച കാർ അപകടത്തിൽ പ്രതിയായ ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായ രണ്ടാം ദിനവും പാർലമെന്റ് നടപടികൾ തടസപ്പെടുത്തി. 12 എം.പിമാരുടെ സസ്‌പെൻഷനെ ചൊല്ലിയുള്ള പ്രതിഷേധവും തുടർന്നു. അതേസമയം അജയ് മിശ്ര ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് രാജ്യസഭയിലും ലോക്‌സഭയിലും തള്ളിയതിന് പിന്നാലെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങിയത്. എല്ലാ എം.പിമാരും സഭയിലെത്തണമെന്ന് കോൺഗ്രസ് വിപ്പു നൽകിയിരുന്നു.
ലഖിംപൂർ ഖേരി കൊലപാതകം ചർച്ചചെയ്യണമെന്ന് ലോക്‌സഭയിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മന്ത്രി കൂടി ഉൾപ്പെട്ട സംഭവം ഗൂഢാലോചനയാണെന്ന് വ്യക്തമായിട്ടുണ്ട്. കർഷകരെ കൊന്ന സംഭവത്തിൽ മന്ത്രി രാജിവച്ചേ തീരൂ. മന്ത്രി അജയ് മിശ്രയെ രാഹുൽ കുറ്റവാളിയെന്ന് വിശേഷിപ്പിച്ചത് ബി.ജെ.പി അംഗങ്ങളുടെ എതിർപ്പിനിടയാക്കി. അത് പിന്നീട് രേഖയിൽ നിന്ന് നീക്കം ചെയ്‌തു.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരു സഭകളും ആദ്യം രണ്ടുമണി വരെ പിരിഞ്ഞു. ഉച്ചതിരിഞ്ഞ് സഭ ചേർന്നപ്പോഴും ബഹളം തുടർന്നതിനാൽ ഇന്നത്തേക്ക് പിരിയുകയായിരുന്നു. സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്ന വിഷയം സഭയിൽ ചർച്ച ചെയ്യാൻ പരിമിതിയുണ്ടെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗിന് ലോക്‌സഭ ആദരാഞ്ജലി അർപ്പിച്ചു.