
ന്യൂഡൽഹി: ഗുഡ്ഗാവിലെ സർക്കാർ സ്ഥലങ്ങളിലെ നമാസ് തടസപ്പെടുത്തുന്നതിനെതിരെ മുൻ രാജ്യസഭാ എം.പി മുഹമ്മദ് അദീബ് സുപ്രീം കോടതിയിൽ ഹർജി നൽകി. ഹരിയാന ഡി.ജി.പി പി കെ അഗർവാളിനും ചീഫ് സെക്രട്ടറി സഞ്ജീവ് കൗശലിനുമെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ടാണ് ഹർജി.
ആൾക്കൂട്ട അക്രമവും കൊലയും ഉൾപ്പെടെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് 2018ലെ സുപ്രീം കോടതി നിർദ്ദേശത്തിന്റെ ലംഘനമാണ് ഗുഡ്ഗാവിൽ നടക്കുന്നതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. രണ്ട് വിഭാഗങ്ങൾ തമ്മിൽ വെള്ളിയാഴ്ച്ച പൊതുസ്ഥലത്തെ നമാസ് സംബന്ധിച്ച് തർക്കമുണ്ടായപ്പോൾ 2018ലെ കരാർ അനുസരിച്ച് 37 സ്ഥലത്ത് നമാസ് നടത്താമെന്ന് തീരുമാനിച്ചിരുന്നു. ഈ കരാർ നടപ്പാക്കാൻ ഒരു വിഭാഗം അനുവദിക്കുന്നില്ല. പൊതുസ്ഥലത്ത് നമാസ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പ്രഖ്യാപിച്ചത് കരാറിന്റെ ലംഘനമാണ്. നമാസ് തടസ്സപ്പെടുത്തുന്നവർക്കെതിരെ നടപടി എടുക്കുന്നതിൽ ഹരിയാന പൊലീസും ഭരണകൂടവും പരാജയപ്പെട്ടെന്നും ഹർജിയിൽ പറയുന്നു..