naravane

ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 14 സൈനികരുടെ മരണത്തിൽ കലാശിച്ച കുനൂർ ഹെലികോപ്ടർ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള സംയുക്ത സേനാ അന്വേഷണം രണ്ടാഴ്‌‌ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് സൂചന.

അപകട സ്ഥലത്ത് നിന്ന് കോപ്‌ടറിന്റെ ഭാഗങ്ങൾ ശേഖരിച്ച് സുലൂർ വ്യോമതാവളത്തിലേക്ക് മാറ്റുന്നതിനാെപ്പം പ്രദേശവാസികളിൽ നിന്നുള്ള മൊഴിയെടുക്കുന്ന ജോലിയും പുരോഗമിക്കുന്നു. അന്വേഷണ സംഘത്തിൽ എയർമാർഷൽ മാനവേന്ദ്ര സിംഗിനൊപ്പം കരസേനയുടെ സതേൺ കമാൻഡിൽ നിന്ന് ബ്രിഗേഡിയർ റാങ്കിലും നാവിക സേനയുടെ കോപ്‌ടർ ഫ്ളീറ്റിൽ നിന്ന് കമ്മഡോർ റാങ്കിലുമുള്ള ഉദ്യോഗസ്ഥരുമുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യോമസേനാ മേധാവി എയർ മാർഷൽ വി.ആർ. ചൗധരിയും അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നു.

 ജനറൽ നരാവനെയ്‌ക്ക് സംയുക്ത മേധാവിയുടെ ചുമതല

ജനറൽ ബിപിൻ റാവത്തിന്റെ മരണത്തെ തുടർന്ന് സംയുക്ത സേനാ മേധാവിയുടെ ചുമതല കരസേനാ മേധാവി ജനറൽ എം.എം. നരാവനെയ്‌ക്ക് നൽകി. പുതിയ സംയുക്ത സേനാ മേധാവിയെ തിരഞ്ഞെടുക്കാൻ സർക്കാർതലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. മൂന്ന് സേനാ മേധാവിമാരിൽ സീനിയർ ആയ ജനറൽ നരാവനെക്കാണ് സാദ്ധ്യത. ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായി 2019 ഡിസംബർ 31നാണ് ജനറൽ നരാവനെ കരസേനാ മേധാവിയായത്. വ്യോമസേനാ മേധാവി എയർ മാർഷൽ വി.ആർ. ചൗധരി 2021 സെപ്‌തംബർ 30നും നാവിക സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ ഇക്കഴിഞ്ഞ നവംബർ 30നുമാണ് ചുമതലയേറ്റത്.