prashantaward

ന്യൂഡൽഹി: പ്രാദേശിക ഭാഷകളിലെ മാദ്ധ്യമങ്ങളെ പ്രോത്‌സാഹിപ്പിക്കേണ്ടതുണ്ടെന്നും പാർലമെന്റിൽ നടക്കുന്ന ബഹളങ്ങൾ മാത്രം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും രാജ്യസഭാ അദ്ധ്യക്ഷൻ കൂടിയായ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. കേരളീയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വി.കെ. മാധവൻകുട്ടി പുരസ്‌കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിലാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്നത്. അതിനാൽ അവയ്‌ക്ക്കൂടുതൽ പ്രോത്‌സാഹനം ലഭിക്കണം. അതേസമയം പ്രത്യേക അജണ്ടകളുമായി നിക്ഷ്‌പക്ഷ താത്‌പര്യങ്ങളോടെ പ്രവർത്തിക്കുന്ന മാദ്ധ്യമങ്ങളുടെ പ്രവർത്തനം നിരുത്‌സാഹപ്പെടുത്തേണ്ടതാണ്.

മാദ്ധ്യമങ്ങളെപ്പോലെ തന്നെ രാഷ്‌ട്രീയത്തിലും നിലവാര തകർച്ചയുണ്ട്. രാജ്യസഭയിൽ സ്ഥിരമായി ഹാജരായി ക്രിയാത്മകമായി ചർച്ചകളിൽ പങ്കെടുക്കുന്നവരുണ്ട്. എന്നാൽ അവരുടെ പ്രകടനം ആരും ശ്രദ്ധിക്കാറില്ല. സഭയിലെ ബഹളവും നടപടികൾ തടസപ്പെടുന്നതുമാണ് വാർത്തകളിൽ. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള ജോൺ ബ്രിട്ടാസ് നല്ലൊരു പ്രസംഗം നടത്തിയത് ആരും റിപ്പോർട്ട് ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രശാന്ത് രഘുവംശം (ഏഷ്യാനെറ്റ്), കമാൽ വരദൂർ (ചന്ദ്രിക), അനു എബ്രഹാം (മാതൃഭൂമി), അലക്‌സ് റാം മുഹമ്മദ് (24ന്യൂസ്) എന്നിവർ അവാർഡ് ഏറ്റുവാങ്ങി. കേരളീയം ചെയർമാൻ പി.വി. വഹാബ് എം.പി അദ്ധ്യക്ഷത വഹിച്ചു.

മാദ്ധ്യമങ്ങൾക്കും കണ്ണാടി വേണം: വി.മുരളീധരൻ

തങ്ങൾ ചെയ്യുന്നത് ശരിയാണോ എന്ന് വിലയിരുത്താൻ കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് കണ്ണാടി അനിവാര്യമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. സ്വന്തം രാഷ്‌ട്രീയ ആഭിമുഖ്യം വാർത്തകളിൽ പ്രതിഫലിപ്പിക്കുന്നത് നല്ല പ്രവണതയല്ല. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവർ സംസ്ഥാനത്തെ വിഷയങ്ങളിൽ മൗനം പാലിക്കുന്നു. യു.പിയിലെ കൊവിഡ് മരണങ്ങൾ ഉയർത്തിക്കാട്ടിയവർ കേരളത്തിൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് കണ്ടില്ല. സെൻട്രൽ വിസ്‌ത പദ്ധതിയെ വിമർശിക്കുമ്പോൾ കെ റെയിൽ പദ്ധതിയുടെ ദൂരവ്യാപക ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നില്ല. അതിനാൽ മാദ്ധ്യമ പ്രവർത്തകർക്ക് സ്വയം വിലയിരുത്തലിനായി കണ്ണാടി അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.