
ന്യൂഡൽഹി: മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെ നടന്ന കർഷക സമരത്തിന് നേതൃത്വം നൽകിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർണാം സിംഗ് ചാദുനി സംയുക്ത് സംഘർഷ പാർട്ടി രൂപീകരിച്ചു. അടുത്ത വർഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ 117 സീറ്റിലും പാർട്ടി മത്സരിക്കുമെന്നും താൻ സ്ഥാനാർത്ഥിയാകില്ലെന്നും ചാദുനി അറിയിച്ചു. പ്രമുഖ കക്ഷികളുടെ ഭാഗമാകാതെ സ്വന്തം പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചിരുന്നു. രാഷ്‌ട്രീയത്തെ ശുദ്ധീകരിച്ച് നല്ല ആളുകളെ മുന്നോട്ടു കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഹരിയാന ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റുകൂടിയായ ചാദുനി പറഞ്ഞു. മറ്റ് പാർട്ടികൾ പാവപ്പെട്ടവരുടെ താത്പര്യങ്ങൾ ബലികഴിച്ച് ധനികർക്കു വേണ്ടിയാണ് നയങ്ങൾ രൂപീകരിക്കുന്നത്. തന്റെ പാർട്ടി ജാതി,മത താത്പര്യങ്ങളില്ലാതെ പ്രവർത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.