jhon-britas

ന്യൂഡൽഹി: രാജ്യസഭയിലെ മികച്ച പ്രസംഗത്തിന് ജോൺ ബ്രിട്ടാസ് എം.പിക്ക് ഉപരാഷ്‌ട്രപതിയും സഭാ അദ്ധ്യക്ഷനുമായ എം. വെങ്കയ്യ നായിഡുവിന്റെ അഭിനന്ദനം. ജഡ്ജിമാരുടെ പെൻഷൻ പരിഷ്ക‌ാര ബില്ലിന്റെ ചർച്ചയിൽ നടത്തിയ പ്രസംഗത്തിനാണ് നായിഡു ഫോണിൽ വിളിച്ച് ബ്രിട്ടാസിനെ അഭിനന്ദിച്ചത്. ഇത്തരം പ്രസംഗങ്ങൾ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കുന്നില്ലെന്ന് ഒരു ചടങ്ങിൽ പങ്കെടുക്കവെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്‌തു. ബ്രാഹ്മണ സമുദായത്തിന് സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിൽ പ്രാമുഖ്യം ലഭിക്കുന്നതിനെ പ്രസംഗത്തിൽ ബ്രിട്ടാസ് വിമർശിച്ചിരുന്നു.

വെങ്കയ്യ നായിഡു ഫോണിൽ വിളിച്ച് അഭിനന്ദിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ബ്രിട്ടാസ് പറഞ്ഞു. 12 എം.പിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടിയെ വിമർശിച്ചത് പറയാൻ വിളിച്ചതെന്നാണ് കരുതിയത്. ശങ്കർദയാൽ ശർമ്മയെപ്പോലുള്ളവർക്ക് സഭയിൽ പൊട്ടിക്കരയേണ്ടി വന്നിട്ടും അന്നൊന്നും ആരെയും സസ്‌പെൻഡ് ചെയ്‌തിരുന്നില്ലല്ലോ എന്ന് പ്രസംഗത്തിൽ ചോദി​ച്ചി​രുന്നു. എന്നാൽ ഫോൺ വിളിച്ചപ്പോൾ പ്രസംഗത്തിനുള്ള അഭിനന്ദനവും പ്രോത്സാഹനവുമാണ് അദ്ദേഹം നൽകിയത്.

 സുപ്രീംകോടതിയിലെ ബ്രാഹ്മണ മേധാവിത്വം

സുപ്രീംകോടതി​ ജഡ്‌ജി​മാരായി​ ബ്രാഹ്മണ സമുദായത്തി​ൽ നി​ന്നുള്ളവർ കൂടുതലായി​ നി​യമി​ക്കപ്പെടുന്നതി​നെയും ബ്രി​ട്ടാസ് പ്രസംഗത്തി​ൽ വി​മർശി​ച്ചിരുന്നു. 47 ചീഫ് ജസ്റ്റിസുമാരിൽ 14 പേരുംബ്രാഹ്മണരാണ്. 1950-70 സമയത്ത് സുപ്രീംകോടതിയിലെ 14 ജഡ്ജിമാരിൽ 11പേരും ബ്രാഹ്മണരായിരുന്നു. 71-89 കാലത്ത് അത് 18 ആയി. 1988ൽ 17 ജഡ്ജിമാരിൽ 9പേരും ബ്രാഹ്മണർ. ഭരണ കക്ഷി ഏതായാലും സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിൽ 30-40ശതമാനം ബ്രാഹ്മണ ക്വോട്ട സ്ഥിരമാണ്.

1980വരെ മറ്റ് പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതികളിൽ നിന്ന് ആരും സുപ്രീംകോടതി ജഡ്ജിമാരായിട്ടില്ല. കർണാടകയിൽ ബ്രാഹ്മണർ നാലു ശതമാനമാണെങ്കിലും ഹൈക്കോടതിയിൽ ആ സമുദായത്തെ പ്രതിനിധീകരിച്ച് 17 ജഡ്ജുമാരുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.