
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെക്കുറിച്ച് മദ്ധ്യേഷ്യൻ രാജ്യങ്ങൾക്കുള്ള ആശങ്കകളും ലക്ഷ്യങ്ങളും സമാനമാണെന്നും ഏതുവിധേനയും അഫ്ഗാനിലെ ജനങ്ങളെ സഹായിക്കാനുള്ള വഴി കണ്ടെത്തണമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
ഡൽഹിയിൽ ഇന്നലെ നടന്ന മദ്ധ്യേഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായുള്ള മൂന്നാമത് ഇന്ത്യ-മദ്ധ്യേഷൻ രാഷ്ട്രതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനുമായി ആഴത്തിൽ വേരൂന്നിയ ചരിത്രപരവും നാഗരികവുമായ ബന്ധമാണ് നമുക്കെല്ലാമുള്ളത്. കാബൂളിൽ എല്ലാവരെയും ഉൾക്കൊള്ളുന്നതും ജനപ്രാതിനിധ്യമുള്ളതുമായ സർക്കാർ ഉണ്ടാകണം. തീവ്രവാദത്തിനും മയക്കുമരുന്നിനുമെതിരെ നിരന്തരം പോരാടണം. സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. '- ജയശങ്കർ വ്യക്തമാക്കി. അഫ്ഗാൻ സർക്കാരിനെ സംബന്ധിച്ച ആശങ്കകൾ മദ്ധ്യേഷ്യൻ രാജ്യങ്ങൾ യോഗത്തിൽ പങ്കുവച്ചു. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ അഫ്ഗാനിൽ നിന്ന് ഇന്ത്യക്കാരെയും ന്യൂനപക്ഷ സമുദായക്കാരായ അഫ്ഗാൻ പൗരന്മാരെയും ഇന്ത്യയിലെത്തിക്കാൻ താജിക്കിസ്ഥാൻ നൽകിയ പിന്തുണയ്ക്ക് ജയശങ്കർ നന്ദി പറഞ്ഞു.
അഫ്ഗാന്റെ അതിർത്തികൾ പങ്കിടുന്ന തുർക്കിമെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവയും കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. വ്യാപാരം, കണക്ടിവിറ്റി, വികസന മേഖലകളിൽ ഈ രാഷ്ട്രങ്ങളുമായി നിരവധി പദ്ധതികളിൽ സഹകരണമുണ്ടാകുമെന്ന് ഇന്ത്യ അറിയിച്ചു. അഞ്ച് രാജ്യങ്ങളിലും വിദേശകാര്യ മന്ത്രിമാർ ഒന്നിച്ച് ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചേക്കും.
പാകിസ്ഥാനിൽ ഒ.ഐ.സി യോഗം
ഡൽഹിയിൽ മദ്ധ്യേഷ്യൻ രാജ്യങ്ങളുടെ യോഗം ചേർന്ന ഇന്നലെ പാകിസ്ഥാനിൽ ഒ.ഐ.സി അംഗരാജ്യങ്ങളുടെ യോഗം നടന്നു. ഇന്ത്യയിൽ നടന്ന യോഗത്തിൽ പങ്കെടുത്ത അഞ്ചു രാജ്യങ്ങളും ഓർഗനൈസേഷൻ ഒഫ് ഇസ്ലാമിക് കോർപ്പറേഷനിലും (ഒ.ഐ.സി) അംഗങ്ങളാണ്. ഇവർ ഒ.ഐ.സി യോഗം ബഹിഷ്കരിച്ചെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നവം.10ന് ഇന്ത്യയുടെ നേതൃത്വത്തിൽ അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യ റീജിയണൽ സുരക്ഷാ യോഗം നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം പാകിസ്ഥാൻ യു.എസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ യോഗം വിളിച്ചിരുന്നു.