parliament-opposition

ന്യൂഡൽഹി​: എം.പിമാരുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിളിച്ച ചർച്ച പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ചില പാർട്ടികളുടെ നേതാക്കളെ മാത്രമായി ചർച്ചയ്‌ക്ക് വിളിച്ചത് പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം.

ഇന്നലെ രാവിലെ 10നാണ് ചർച്ച നിശ്ചയിച്ചിരുന്നത്.

കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർ ഉൾപ്പെട്ട കോൺഗ്രസ്, തൃണമൂൽ, സി.പി.എം, സി.പി.ഐ, ശിവസേന പാർട്ടികളുടെ നേതാക്കളെ ചർച്ചയ്‌ക്ക് ക്ഷണിച്ചത്.

സഭയിൽ 16ഓളം പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാണ് പ്രതിഷേധം നടത്തുന്നത്. അവരിൽ ചിലരെ മാത്രം വിളിച്ചത് ഭിന്നിപ്പിക്കാനുള്ള സർക്കാർ തന്ത്രമാണെന്നും അതിനാൽ ചർച്ച ബഹിഷ‌്‌കരിക്കുകയാണെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ മല്ലികാർജ്ജുന ഖാർഗെ സർക്കാരിനയച്ച കത്തിൽ വ്യക്തമാക്കി.

നവംബർ 28ന് സസ്‌പെൻഷൻ പ്രഖ്യാപിച്ചത് മുതൽ രാജ്യസഭാ അദ്ധ്യക്ഷനോടും ബി.ജെ.പി സഭാ നേതാവ് പീയൂഷ് ഗോയലിനോടും ചർച്ച നടത്താൻ അഭ്യർത്ഥിച്ചതാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. എളമരം കരീം (സി.പി.എം), ബിനോയ് വിശ്വം എന്നിവരും പ്രൾഹാദ് ജോഷിക്ക് കത്തെഴുതി ചർച്ചയ്‌ക്ക് സന്നദ്ധമല്ലെന്ന് അറിയിച്ചു.

 ചർച്ച ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തെ അപലപിക്കുന്നു. ഇത്തരക്കാരെ ജനങ്ങളും വൈകാതെ ബഹിഷ്‌കരിക്കും.

-പ്രൾഹാദ് ജോഷി, കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി

 സഭ സുഗമമായി നടത്താൻ അനുവദിക്കില്ലെന്ന പ്രതിപക്ഷ നിലപാടാണ് ചർച്ച ബഹിഷ്‌കരിച്ചതിലൂടെ വ്യക്തമാകുന്നത്. സഭയിൽ കാണിച്ച മര്യാദകേട് മനസിലാക്കി ചർച്ചയ്‌ക്ക് വരാൻ അവർ തയാറല്ല.

-രാജ്യസഭാ നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയൽ.