
ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്ക് കൊവിഡ് വാക്സിൻ വിതരണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ അറിയിച്ചു. ഇതിനുള്ള നടപടികൾ ഉടൻ തുടങ്ങും. രണ്ട് പുതിയ വാക്സിനുകൾക്കുള്ള അനുമതി പരിഗണനയിലാണ്.
കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാൽ അത് നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. രാജ്യത്തെ ഒമിക്രോൺ സാഹചര്യം വിദഗ്ദ്ധർ നിരീക്ഷിക്കുകയാണ്. വ്യാപനമുണ്ടായാലും നമുക്ക് വലിയ പ്രശ്നങ്ങളുണ്ടാകില്ല. പ്രധാനപ്പെട്ട മരുന്നുകളും മറ്റ് പ്രതിരോധ മാർഗ്ഗങ്ങളുമെല്ലാം ആവശ്യത്തിന് സംഭരിച്ചിട്ടുണ്ട്.
രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 161 ആണ്. ആരിലും ഗുരുതര രോഗബാധ ഇല്ല. 44 പേർ ആശുപത്രി വിട്ടു. രാജ്യത്ത് 88 ശതമാനം പേർക്ക് ഒന്നാം ഡോസും 58 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഇതുവരെ 137 കോടി വാക്സിനാണ് നൽകിയത്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ആവശ്യമായ വാക്സിൻ നൽകിയിട്ടുണ്ട്. 17 കോടി വാക്സിൻ അവരുടെ കൈവശമുണ്ട്. ഒരു മാസം 31 കോടി വാക്സിൻ നിർമ്മിക്കാൻ ഇന്ത്യയ്ക്ക് കഴിയും. അടുത്ത രണ്ട് മാസം കൊണ്ട് അത് 45 കോടിയിലെത്തുമെന്നും മന്ത്രി അറിയിച്ചു.
കുട്ടികളിലേക്ക്
ഭാരത് ബയോടെക്കിന്റെ കൊവാക്സിന് 2 വയസിന് മുകളിലുള്ള കുട്ടികളിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകാൻ ഡി.സി.ജി.ഐയുടെ ( ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ) വിദഗ്ദ്ധ സമിതി കേന്ദ്രസർക്കാരിന് ശുപാർശ ചെയ്തിരുന്നു. സമിതിയുടെ തീരുമാനം കേന്ദ്രസർക്കാർ അംഗീകരിച്ചാൽ കുത്തിവെപ്പ് ആരംഭിക്കും.
നേരത്തെ 12 വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള സൈഡസ് കാഡില്ലയുടെ സൈക്കോവ് - ഡി എന്ന വാക്സിന് ഡി.സി.ജി.ഐ അംഗീകാരം നൽകിയിരുന്നു. മൂന്ന് ഡോസായാണ് ഈ വാക്സിൻ നൽകുക. ആദ്യ ഡോസ് നൽകി 28- ാം ദിവസം രണ്ടാം ഡോസും 56 -ാം ദിവസം മൂന്നാം ഡോസും നൽകും.