p

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി കൂട്ടാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും വ്യക്തി നിയമങ്ങളെ തകർക്കാനുള്ള ബി.ജെ.പി അജൻഡയുടെ ഭാഗവുമാണെന്ന് മുസ്ലിം ലീഗ് രാഷ്ട്രീയ ഉപദേശക സമിതി ആരോപിച്ചു.

കേന്ദ്രസർക്കാർ നീക്കം ചർച്ച ചെയ്യാൻ ലീഗ് രാഷ്‌ട്രീയ ഉപദേശക സമിതി, ലോയേഴ്സ് ഫോറം, പോഷക സംഘടന ഭാരവാഹികൾ എന്നിവ യോഗം ചേർന്നു. മൗലികാവകാശമായ വ്യക്തി നിയമം ഹനിക്കാൻ കേന്ദ്രസർക്കാരിന് അധികാരമില്ല. ഇതുമായി ബന്ധപ്പെട്ട ബിൽ പാസായാൽ നിരവധി മറ്റു നിയമങ്ങൾക്ക് എതിരാകും. ലോകത്തെ ബഹു ഭൂരിപക്ഷം രാജ്യങ്ങളിലും വിവാഹപ്രായം 18 ആണ്. 18 തികഞ്ഞ ആണിനെയും പെണ്ണിനെയും ഭാര്യ ഭർത്താക്കന്മാരെപ്പെലെ കഴിയാൻ അനുവദിക്കുന്ന രാജ്യത്താണ് വിവാഹ പ്രായം വർദ്ധിപ്പിക്കുന്നത്. 18 വയസായവർക്ക് വോട്ടവകാശം നൽകിയ തീരുമാനത്തെപ്പോലും ഇത് പിന്നോട്ടടിക്കും. ഓൺലൈൻ യോഗത്തിൽ ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്ദീൻ, ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, ട്രഷറർ പി.വി അബ്ദുൽ വഹാബ്, എംപിമാരായ അബ്ദുസമദ് സമദാനി, നവാസ് ഗനി, എം.എൽ.എമാരായ എംകെ. മുനീർ, കെ.പി.എ. മജീദ്, സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.