aishwarya

ന്യൂഡൽഹി: പനാമ പേപ്പർ വെളിപ്പെടുത്തലിനെ തുടർന്ന് അനധികൃത രഹസ്യ നിക്ഷേപം, നികുതി വെട്ടിപ്പ് എന്നിവയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടി ഐശ്വര്യ റായ് ബച്ചനെ ഇ.ഡി ചോദ്യം ചെയ്തു. വിദേശ നാണയ വിനിമയ ചട്ട (ഫെമ) പ്രകാരം ഇന്നലെ ഡൽഹിയിലെ ഇ.ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.

2005ൽ അമിക് പാർട്ണേഴ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അന്വേഷണം തുടരുന്നത്. എന്നാൽ, കള്ളപ്പണം സംബന്ധിച്ച വിഷയത്തിലല്ല, ഫെമ അനുസരിച്ചാണ് ചോദ്യം ചെയ്യൽ എന്ന് ഇ.ഡി കേന്ദ്രങ്ങൾ പറയുന്നു. നേരത്തെ അഭിഷേക് ബച്ചനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. അമിതാഭ് ബച്ചനെയും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.

 ഐശ്വര്യയോട് ഇ.ഡിയുടെ ചോദ്യങ്ങൾ

 2005ൽ ബ്രിട്ടീഷ് വിർജിൻ ഐലൻഡ്‌സിൽ രജിസ്റ്റർ ചെയ്ത അമിക് പാർട്ണേഴ്സ് എന്ന കമ്പനിയുമായുള്ള ബന്ധം ?

 മൊസാക് ഫോൻസിക കമ്പനി രജിസ്റ്റർ ചെയ്ത നിയമ സ്ഥാപനത്തെ അറിയുമോ?

 ഈ കമ്പനിയുടെ ഡയറക്ടർമാരിൽ ഐശ്വര്യയുടെ പിതാവ്, മാതാവ്, സഹോദരൻ എന്നിവരുണ്ട്. ഇതിന്റെ വിശദീകരണം ?

 പ്രാരംഭ മൂലധനം 50,000 യു.എസ് ഡോളറായിരുന്ന കമ്പനിയുടെ ഓരോ ഡയറക്ടർമാർക്കും 12,500 ഷെയറുകൾ ഉണ്ടായിരുന്നു. എന്തുകൊണ്ട് 2005ൽ ഐശ്വര്യ ഒരു ഡയറക്ടർ എന്ന നിലയിൽ നിന്ന് ഒരു ഷെയർ ഹോൾഡറായി മാറി ?

 2008ൽ കമ്പനി പ്രവർത്തനരഹിതമായത് എന്തുകൊണ്ട് ?

 സാമ്പത്തിക ഇടപാടുകൾക്ക് ആർ.ബി.ഐയുടെ അനുമതി തേടിയോ ?