
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്ത് 18 വയസിൽ താഴെ പ്രായമുള്ള 2,29,555 പെൺകുട്ടികളെ കാണാതായെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ലോക‌്‌സഭയിൽ ആന്റോ ആന്റണി എം.പിയെ അറിയിച്ചു. കാണാതായ 2,28,595 പെൺകുട്ടികളെ പിന്നീട് കണ്ടെത്തി. 960 പേരെക്കുറിച്ച് വിവരമില്ല.
കേരളത്തിൽ നിന്ന് ഇക്കാലയളവിൽ 4,569 പെൺകുട്ടികളെയാണ് കാണാതായത്. എറ്റവും കൂടുതൽ പെൺകുട്ടികൾ കാണാതാകുന്നത് മദ്ധ്യപ്രദേശിലാണ് (36,822). രണ്ടാം സ്ഥാനത്ത് പശ്ചിമ ബംഗാളും (32,625) മൂന്നാം സ്ഥാനത്ത് ബിഹാറുമാണ് (23,868). നാഷണൽ ക്രൈം ബ്യൂറോ പ്രസിദ്ധീകരിക്കുന്ന ക്രൈം ഇൻ ഇന്ത്യയുടെ 2016 - 2020 വർഷത്തെ കണക്ക് പ്രകാരമാണിത്.