luthiyana

അമൃത്‌സർ: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ പഞ്ചാബിനെ ഉലച്ച മതനിന്ദാ കൊലപാതകങ്ങൾക്ക് പിന്നാലെ ഇന്നലെ ലുധിയാന ജില്ലാ, സെഷൻസ് കോടതി സമുച്ചയത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ ഉഗ്ര സ്‌ഫോടനം നടന്നു. അഞ്ച് പേർക്ക് പരിക്കേറ്റു. വിധ്വംസക ശക്തികളുടെ സാന്നിദ്ധ്യത്തെപ്പറ്റി ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് രാഷ്‌ട്രീയ കോളിളക്കത്തിന് വഴിവച്ച സ്ഫോടനത്തെ തുടർന്ന് പാർട്ടികൾ പരസ്പരം പഴിചാരലും തുടങ്ങി.

ആറു നിലകളുള്ള സമുച്ചയത്തിലെ രണ്ടാം നിലയിൽ റെക്കാഡ് റൂമിനോട് ചേർന്ന ടോയ്‌ലെറ്റിൽ ഉച്ചയ്ക്ക് 12:22നായിരുന്നു സ്ഫോടനം. ടോയ്‌ലെറ്റ് തകർന്നു. മുറികളുടെ ഭിത്തിയിൽ വിള്ളലുണ്ടായി. ജനാലകൾ തകർന്നു. താഴെയുണ്ടായിരുന്ന വാഹനങ്ങളുടെ ചില്ലുകളും പൊട്ടി.

ഒരു മൃതദേഹം കണ്ടെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചത് ബോംബ് വച്ച ആൾ തന്നെയാണോ എന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടുമില്ല. ഭീകരാക്രമണമാണോ എന്നതിനും വ്യക്തതയില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അധികൃതർ വിവരങ്ങൾ ധരിപ്പിച്ചു. സംസ്ഥാന സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടി.

അഭിഭാഷക സമരം മൂലം തിരക്കു കുറവായിരുന്നെങ്കിലും കക്ഷികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സമുച്ചയത്തിൽ ഉണ്ടായിരുന്നു. ആളുകൾ പരിഭ്രാന്തരായി പരക്കംപാഞ്ഞു. ഡൽഹിയിൽ നിന്നുവന്ന രണ്ടംഗ എൻ.ഐ.എ സംഘം തെളിവെടുത്തു. നാഷണൽ സെക്യൂരിറ്റി ഗാർഡും നാഷണൽ ബോംബ് ഡേറ്റ സെന്റർ സംഘവും എത്തി.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ,​ സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമമാണ് സ്ഫോടനമെന്ന് രാഷ്‌ട്രീയ പാർട്ടികൾ ആരോപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അകാലിദളിനെയാണ് പ്രതിക്കൂട്ടിൽ കയറ്റിയത്.

വിഘടന ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം

ഖാലിസ്ഥാൻ അടക്കമുള്ള വിഘടന ഗ്രൂപ്പുകൾ പഞ്ചാബിൽ സജീവമാണ്. ഇവർക്ക് പാക് സഹായം ലഭിക്കുന്നു. കർഷക സമരത്തിൽ ഖാലിസ്ഥാൻ നുഴഞ്ഞു കയറിയെന്ന് കേന്ദ്രം ആരോപിച്ചിരുന്നു. ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് കേന്ദ്രം നിരോധിച്ച യൂട്യൂബ് ചാനലുകൾ പഞ്ചാബിലാണ് പ്രവർത്തിച്ചിരുന്നത്.

അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയയ്‌ക്കെതിരെ അടുത്തിടെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് മതനിന്ദാ സംഭവങ്ങളും സ്ഫോടനവും നടന്നത്

--ചരൺജിത് സിംഗ് ചന്നി

പഞ്ചാബ് മുഖ്യമന്ത്രി

വർഗ്ഗീയത ഇളക്കി ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് മതനിന്ദാ സംഭവങ്ങൾ. ആ ഗൂഢാലോചനയുടെ തുടർച്ചയാണ് സ്ഫോടനം. മതനിന്ദാ സംഭവങ്ങൾ ഹൈക്കോടതിയിലെ സിറ്റിംഗ് ജ‌ഡ്ജി അന്വേഷിക്കണം
--സുഖ്ബീർ ബാദൽ

ശിരോമണി അകാലിദൾ പ്രസിഡന്റ്

പാക് ചാര ഏജൻസിയായ ഐ.എസ്.ഐ പഞ്ചാബിലേക്ക് ബോംബുകളും ഡ്രോണുകളും കടത്തുകയാണ്. പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജ്യോത് സിദ്ദു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് സ്തുതി പാടുകയാണ്.

--തരുൺ ചുഗ്

ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി