priyanka-gandhi

ന്യൂഡൽഹി: അയോദ്ധ്യയിൽ നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ബി.ജെ.പി നേതാക്കളും സർക്കാരിലെ ഉന്നതരും ഭൂമി വാങ്ങിക്കൂട്ടിയെന്ന വെളിപ്പെടുത്തൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാദ്ര. ആരോപണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റവന്യൂ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

2019ൽ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള സുപ്രീംകോടതി വിധിക്കു പിന്നാലെ എം.എൽ.എമാർ, മേയർമാർ, കമ്മിഷണറുടെ ബന്ധുക്കൾ, സബ് ഡിവിഷണൽ മജിസ്ട്രേട്ട്, ഡി.ഐ.ജി തുടങ്ങിയവർ സ്ഥലം വാങ്ങിക്കൂട്ടിയത് തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന യു.പി സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

രാമക്ഷേത്രത്തിനായി സംഭാവനകൾ നൽകിയ ലക്ഷണക്കണക്കിന് ആളുകളുടെ വിശ്വാസം മുതലെടുത്ത് യു.പിയിലെ ഭരണകക്ഷി നടത്തിയ കൊള്ളയാണ് പുറത്തുവന്നതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാമക്ഷേത്രത്തിന്റെ സംഭാവനയായി പണം പിരിച്ചതിന്റെ പിന്നിൽ വൻ അഴിമതിയുണ്ടെന്ന് വ്യക്തമാകുന്നു.

പക്ഷപാതപരമല്ലാതെ വിവരങ്ങൾ പുറത്തുവരാൻ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കണം. ക്ഷേത്ര നിർമ്മാണത്തിന് ഉത്തരവിട്ട സുപ്രീംകോടതി തന്നെ അതിന്റെ പേരിലുള്ള ക്രമക്കേട് അന്വേഷിക്കുന്നതാണ് ഉചിതമെന്നും പ്രിയങ്ക പറഞ്ഞു. മതത്തിന്റെ പേരിൽ 'ഹിന്ദുത്വ' കൊള്ള നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.