manish-tiwari

ന്യൂഡൽഹി: ഇങ്ങനെ പോയാൽ കോൺഗ്രസ് രാജ്യത്ത് ഒട്ടും അവശേഷിക്കാത്ത രീതിയിൽ ഇല്ലാതാകുമെന്ന് മുതിർന്ന നേതാവും ലോക്‌സഭാ എം.പിയുമായ മനീഷ് തിവാരി. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കേണ്ട ഉത്തരാഖണ്ഡിൽ സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഹൈക്കമാൻഡിനെ വിമർശിച്ചതിന് പിന്നാലെയാണിത്. റാവത്ത് ഇന്ന് ഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ടേക്കും.

ആദ്യം, അസാം പിന്നെ പഞ്ചാബ് ഇപ്പോൾ ഉത്തരാഖണ്ഡ്. ഒട്ടും അവശേഷിക്കാത്ത രീതിയിൽ പാർട്ടി രാജ്യത്തു നിന്ന് അപ്രത്യക്ഷമാകും - മുതിർന്ന നേതാക്കളോടുള്ള ഹൈക്കമാൻഡിന്റെ സമീപനം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മനീഷ് ട്വീറ്റു ചെയ്‌തു. റാവത്തിനെ വിശ്വാസത്തിലെടുത്തില്ലെങ്കിൽ പഞ്ചാബും അസമും ആവർത്തിക്കുമെന്നാണ് മനീഷ് തിവാരി ട്വീറ്റിലൂടെ സൂചിപ്പിച്ചത്. പാർട്ടിയിൽ ജനാധിപത്യം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം.

സംഘടനാ ചുമതലയുള്ളവർ സഹായിക്കേണ്ടതിന് പകരം പുറംതിരിഞ്ഞ് നിൽക്കുകയാണെന്നും തിരഞ്ഞെടുപ്പുകളുടെ ചുമതലയുമായി ബന്ധപ്പെട്ട് അദ്ധ്വാനിക്കുമ്പോഴും തന്നെ ചുമതലപ്പെടുത്തിയവരുടെ നോമിനികൾ കൈംകാലും കെട്ടിയിടുകയാണെന്നും റാവത്ത് കുറ്റപ്പെടുത്തി.

രാഷ്‌ട്രീയം അവസാനിപ്പിക്കാൻ സമയമായെന്ന് കരുതുന്നു. കേന്ദ്രത്തിൽ ഭരണത്തുടർച്ച ഉറപ്പാക്കാൻ പ്രാദേശിക നേതാക്കളെ ഉയർത്തിക്കാട്ടുന്ന ബി.ജെ.പിയുടെ രീതി കോൺഗ്രസും പിന്തുടരേണ്ടതുണ്ടെന്ന് ഹൈക്കമാൻഡിനെ ഉദ്യേശിച്ച് പറഞ്ഞു. തനിക്കെതിരെ നിൽക്കുന്ന സംസ്ഥാന നേതാക്കളുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.