omi

ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ 300 പിന്നിടുമ്പോൾ പ്രതിരോധ നടപടികൾ ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കേന്ദ്രമന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും ആരോഗ്യമേഖലയിലെ വിദദ്ധരും പങ്കെടുത്തു. പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഇന്നലെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിനേഷൻ അതിവേഗം പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.

ഇന്നലെ തമിഴ്നാട്ടിൽ 33 ഉം മഹാരാഷ്ട്രയിൽ 23 ഉം പുതിയ ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. 16 സംസ്ഥാനങ്ങളിലെ ഒമിക്രോൺ ബാധിതരിൽ 99 പേർ രോഗമുക്തരായി. ഇതിനിടെ സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകൾ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത വീഡിയോ കോൺഫറൻസിൽ വിലയിരുത്തി. രോഗ സ്ഥിരീകരണം 10 ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടങ്ങൾ പ്രാദേശിക നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന് രാജേഷ് ഭൂഷൺ നിർദ്ദേശം നൽകി.നിയന്ത്രണങ്ങൾ 14 ദിവസമെങ്കിലും തുടരണം. അഞ്ചിന നിയന്ത്രണങ്ങളുടെ പ്രാധാന്യവും യോഗത്തിൽ ചൂണ്ടിക്കാട്ടി.

ഇന്നലെ മഹാരാഷ്ട്രയിൽ 23 കേസുകൾ സ്ഥിരീകരിച്ച് ഒമിക്രോൺ ബാധിതർ 88 ആയി ഉയർന്നതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാത്രി 10 മണിക്ക് ഉന്നതതല യോഗം വിളിച്ചു. മദ്ധ്യപ്രദേശിൽ ഇന്നലെ മുതൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു.

കേന്ദ്ര നിർദ്ദേശങ്ങൾ

രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുക

പരിശോധനകളിലൂടെ ഡൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ കൃത്യമായി നിരീക്ഷിക്കുക

ദേശീയ കൊവിഡ് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുക

ഓക്സിജൻ കിടക്കകളുടെ എണ്ണവും അവശ്യമരുന്നുകളുടെ കരുതൽശേഖരവും ഉറപ്പാക്കുക

കൊവിഡ് സുരക്ഷാ നടപടികൾ കൃത്യമായി ജനങ്ങളെ അറിയിക്കുക

വാക്സിനേഷൻ വേഗതയിലാക്കുക

 ജാഗ്രത കൈവിടരുത്

പുതിയ കൊവിഡ് ക്ലസ്റ്ററുകൾ നിരീക്ഷിക്കണെ

ഐ.എം.സി.ആർ നിർദ്ദേശിച്ച പരിശോധനകൾ നടത്തണം.