
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് റാലികൾ നിരോധിക്കാനും യു.പി തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് പരിഗണിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആവശ്യപ്പെട്ടു. ഒരു ജാമ്യാപേക്ഷ പരിഗണിക്കവെ സാമൂഹിക അകലം പാലിക്കാതെ കോടതിയിൽ അഭിഭാഷകർ തടിച്ച് കൂടിയതിനെതിരെ പരാമർശം നടത്തുമ്പോഴാണ് ജസ്റ്റിസ് ശേഖർ കുമാർ യാദവ് ഈ ആവശ്യമുയർത്തിയത്. ഇത്തരത്തിലുള്ള 400 ലധികം അപേക്ഷകളാണ് കോടതിക്ക് മുമ്പിലുള്ളതെന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സാഹചര്യം നേരിടാൻ ക്രമീകരണം നടത്തണമെന്നും രജിസ്ട്രാർ ജനറലിനോട് കോടതി നിർദ്ദേശിച്ചു.
 കോടതി പറഞ്ഞത്
ചൈന, ജർമ്മനി, നെതർലൻഡ് തുടങ്ങിയ ലോക രാജ്യങ്ങൾ ഒമിക്രോൺ ഭീഷണി കാരണം
ഭാഗികമായോ പൂർണ്ണമായോ ലോക്ക്ഡൗൺ ഏർപ്പെടുത്തി. യു.പി തദ്ദേശ തിരഞ്ഞെടുപ്പും ബംഗാൾ തിരഞ്ഞെടുപ്പും കാരണമുണ്ടായ കൊവിഡ് വ്യാപനത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടു. വരാനിരിക്കുന്ന യു.പി തിരഞ്ഞെടുപ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന റാലികൾ നിറുത്തിവയ്ക്കാനും പ്രചാരണം മാദ്ധ്യമങ്ങളിലൂടെ നടത്താനും രാഷ്ട്രീയ പാർട്ടികൾക്ക് ഉത്തരവ് നൽകണം. തിരഞ്ഞെടുപ്പ് നടത്താനാവില്ലെങ്കിൽ രണ്ടോ മൂന്നോ മാസം നീട്ടിവയ്ക്കണം. അല്ലെങ്കിൽ ഭയാനകമായ പ്രത്യാഘാതമുണ്ടായേക്കാം. വാക്സിനേഷൻ പ്രചാരണത്തിലും സൗജന്യ വാക്സിനേഷനിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെന്നും കോടതി പറഞ്ഞു.