
സമവായമുണ്ടാക്കി രാഹുൽ
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ അടുത്ത അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പാർട്ടിയെ നയിക്കും. സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് ഉടക്കിലായിരുന്ന റാവത്ത് ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനമായത്. കൂടിക്കാഴ്ചയിൽ റാവത്തിനെ മുഖ്യമന്ത്രിയാക്കുമെന്ന ഉറപ്പ് നൽകിട്ടില്ല.
പ്രചാരണ സമിതി അദ്ധ്യക്ഷനെന്ന നിലയിൽ ഉത്തരാഖണ്ഡിൽ അടുത്ത തിരഞ്ഞെടുപ്പിൽ താൻ പാർട്ടിയെ നയിക്കുമെന്നും ഭൂരിപക്ഷം ലഭിച്ചാൽ എം.എൽ.എമാർ മുഖ്യമന്ത്രിയെ നിശ്‌ചയിക്കുമെന്നും കൂടിക്കാഴ്ചയ്‌ക്കു ശേഷം റാവത്ത് അറിയിച്ചു. എല്ലാവരും പിന്തുണയ്‌ക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് തനിക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും കൈകൾ കെട്ടിയിട്ടിരിക്കുകയാണന്നും ട്വീറ്റു ചെയ്‌ത റാവത്ത് ഇന്നലെ നിലപാടു മാറ്റി. തന്റെ കൈകൾ സ്വതന്ത്രമാണെന്നും എല്ലാവരും കോൺഗ്രസ് സേനാനികളാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന നേതൃത്വത്തെയും ഹൈക്കമാൻഡിനെയും വിമർശിച്ചുള്ള ട്വീറ്റുകളിലൂടെ റാവത്ത് സജീവ രാഷ്‌ട്രീയം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന സൂചനകൾ നൽകിയിരുന്നു. തുടർന്നാണ് ഉത്തരാഖണ്ഡ് പി.സി.സി അദ്ധ്യക്ഷൻ ഗണേശ് ഗോദിയൽ, നിയമസഭാ കക്ഷി നേതാവ് പ്രീതം സിംഗ്, മുൻ പി.സി.സി അദ്ധ്യക്ഷൻ കിഷോർ ഉപാദ്ധ്യായ്, പ്രദീപ് താമ്‌ത എം.പി തുടങ്ങിയവർക്കൊപ്പം റാവത്തിനെ ഡൽഹിക്ക് വിളിപ്പിച്ചത്.
നേതാക്കളുമായി പ്രത്യേകം ചർച്ച നടത്തിയ രാഹുൽ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. ശേഷം എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് ദേവേന്ദർ യാദവ് എന്നിവരുമായി നടത്തിയ തുടർ ചർച്ചകൾക്കൊടുവിലാണ് റാവത്തിനെ പ്രചാരണ സമിതി അദ്ധ്യക്ഷനാക്കാനും മുഖ്യമന്ത്രിയെ പാർട്ടി ഭൂരിപക്ഷം നേടിക്കഴിഞ്ഞ് തീരുമാനിക്കാനും ധാരണയായത്. അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ സംസ്ഥാനത്ത് നിരീക്ഷകനായി അയച്ചേക്കുമെന്ന് സൂചനയുണ്ട്.
രാഹുലിന് അതൃപ്തി
റാവത്തിന്റെ ട്വിറ്റർ കമന്റുകളിൽ രാഹുൽ ഗാന്ധി അതൃപ്‌തി രേഖപ്പെടുത്തിയതായി അറിയുന്നു. പ്രീതം സിംഗ്, ദേവേന്ദർ യാദവ് എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്നാണ് റാവത്തിന്റെ ആക്ഷേപം. തുറന്നുവിട്ട മുതലകൾ എന്ന തന്റെ ട്വിറ്റർ പരാമർശം സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിച്ച് രാഷ്‌ട്രീയ വിരോധം തീർക്കുന്ന കേന്ദ്രസർക്കാരിനെ ഉദ്യേശിച്ചുള്ളതാണെന്ന് ഇന്നലെ അദ്ദേഹം വിശദീകരിച്ചു.