omicron

ന്യൂഡൽഹി: ഒമിക്രോൺ നാലാം തരംഗത്തിന് കാരണമായേക്കുമെന്ന പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യൂറോപ്പ്, അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങളിൽ കേസുകൾ വർദ്ധിക്കുമ്പോൾ ഏഷ്യൻ രാജ്യങ്ങളിൽ കുറയുകയാണ്. ലോകത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6.1 ശതമാനമാണ്. കേരളം, മഹാരാഷ്ട്ര, കർണ്ണാടകം, തമിഴ്നാട്, ബംഗാൾ തുടങ്ങിയ കേസുകൾ സജീവമായി നിൽക്കുന്ന സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ കേസുകളും വർദ്ധിക്കുന്നത്. 17 സംസ്ഥാനങ്ങളിലായി 358 കേസുകളാണ് സ്ഥിരീകരിച്ചത്. ഡെൽറ്റ വകഭേദത്തിന്റെ സമയത്ത് നടപ്പിലാക്കിയ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ തന്നെ ഒമിക്രോണിന്റെ കാര്യത്തിലും ബാധകമാണെന്ന് ഡോ.ബൽറാം ഭാർഗ്ഗവ പറഞ്ഞു. ഐ.സി.എം.ആറും ഡി.ബി.ടിയും ചേർന്ന് ഒമിക്രോൺ വകഭേദത്തിനെതിരെ വാക്സിന്റെ ഫലപ്രാപ്തി പരിശോധിച്ചു വരികയാണ്.

രാത്രി കാലകർഫ്യൂ, ആൾക്കൂട്ട നിയന്ത്രണം എന്നീ കാര്യങ്ങളിൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭൂഷൺ പറഞ്ഞു. ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാനങ്ങൾ നടപടി എടുക്കണം. പ്രായപൂർത്തിയായ ജനസംഖ്യയുടെ 89 % പേർക്ക് ഒന്നാം ഡോസും 61% ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. യു.പിയിലും മദ്ധ്യപ്രദേശിലും രാത്രി കാല കർഫ്യൂ നടപ്പിലാക്കി. മഹാരാഷ്ട്രയിലും ഡൽഹിയിലും ക്രിസ്മസ്, നവവത്സര ആശംസകൾക്ക് നിയന്ത്രണമേർപ്പെടുത്തി.

24 മണിക്കൂറിനിടയിൽ ഡൽഹിയിൽ 180 ഉം മഹാരാഷ്ട്രയിൽ 680 ഉം കൊവിഡ് കേസുകൾ. 78 ദിവസത്തിനിടയിലെ ഏറ്റവും വലിയ നിരക്കാണിത്. ഡൽഹിയിൽ 67 ഉം മഹാരാഷ്ട്രയിൽ 88 ഉം ഒമിക്രോൺ കേസുകൾ. 24 മണിക്കൂറിനിടയിൽ രാജ്യത്ത് 122 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്.