
ന്യൂഡൽഹി: സ്കൂട്ടറിൽ തന്റെ ഉത്പന്നങ്ങൾ പാൻ മസാല വ്യാപാരികൾക്ക് വിതരണം ചെയ്തയാളായിരുന്നു 200 കോടിയിലേറെ രൂപ വീട്ടിൽ സൂക്ഷിച്ചിരുന്ന പിയൂഷ് ജെയിൻ എന്ന കാൺപൂരിലെ വ്യാപാരി. തികച്ചും സാധാരണക്കാരനെ പോലെ ജീവിച്ച പിയൂഷിന് പഴയ ക്വാളിസ്, മാരുതി വാഹനങ്ങൾ മാത്രമാണ് കൈവശമുണ്ടായിരുന്നത്. വീട്ടിൽ ജോലിക്കാരുണ്ടായിരുന്നില്ല. ആകെ രണ്ട് കാവൽക്കാർ മാത്രം. ഇവർക്കാകട്ടെ വീട്ടിനുള്ളിൽ പ്രവേശനമുണ്ടായിരുന്നില്ല.
ആഡംബരം പുറത്ത് കാണിക്കാതിരുന്നത് നാട്ടുകാരുടെയും സർക്കാരിന്റെയും കണ്ണിൽ പൊടിയിടാനായിരുന്നുവെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ പറയുന്നു. പിയൂഷ് ജെയിൻ ഉത്പന്നങ്ങൾ വിതരണം ചെയ്തിരുന്ന ഒരു പാൻ മസാല വ്യവസായി വഴിയാണ് ജി.എസ്.ടി അധികൃതർ കെണിയൊരുക്കിയത്. പിടിച്ചെടുത്ത കോടികൾക്ക് പുറമെ 11 കോടിയുടെ സ്വർണ്ണവും ഭൂഗർഭ അറയിൽ നിന്ന് 600 കിലോ ചന്ദനതൈലവും ആറ് ദിവസം നീണ്ടു നിന്ന റെയ്ഡിൽ പിടിച്ചെടുത്തു.
അതിന് പുറമെ കാൺപൂർ, കനൗജ്, മുംബയ്, ദുബായ് എന്നീ സ്ഥലങ്ങളിൽ കോടികളുടെ വിലമതിക്കുന്ന വസ്തുവകകളുടെ രേഖകളും കണ്ടെടുത്തു. അറസ്റ്റിലായ പിയൂഷ് ജെയിനിന്റെ ആസ്തികളെ സംബന്ധിച്ച കണക്കെടുപ്പ് ഇപ്പോഴും തുടരുകയാണെന്ന് ആദായ നികുതി അധികൃതർ പറയുന്നു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന പിയൂഷ് ജെയിനിന്റെ വീട്ടിൽ നടന്ന റെയ്ഡ് യു. പിയിൽ രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.