sonia

ന്യൂഡൽഹി: ഭാരതത്തിന്റെ തനതു സംസ്‌കാരം തുടർച്ചു നീക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ കോൺഗ്രസ് കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് അദ്ധ്യക്ഷ സോണിയാ ഗാന്ധി. എ.ഐ.സി.സി ആസ്ഥാനത്ത് പാർട്ടിയുടെ 137-ാം സ്ഥാപകദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ ജൻമദിനവും സോണിയയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.

ചരിത്രം വളച്ചൊടിക്കാനും ഭാരതത്തിന്റെ ഗംഗാ-യമുന സംസ്കാരം ഇല്ലാതാക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. സാധാരണക്കാർ ഭയന്നാണ് ജീവിക്കുന്നത്. ഏകാധിപത്യ ഭരണം ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും അവഗണിക്കുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസിന് നിശബ്‌ദരായി ഇരിക്കാനാകില്ല.

കോൺഗ്രസ് ഒരു രാഷ്‌ട്രീയ പാർട്ടിയെന്നതിലുപരി ഒരു പ്രസ്ഥാനമാണ്. സ്വാതന്ത്ര്യസമരം മുതൽ രാജ്യത്തിനായി പോരാടിയ പാർട്ടിയാണിത്. ഏറെ കഷ്ടതകൾ അനുഭവിച്ച നേതാക്കളുടേയും പ്രവർത്തകരുടേയും പ്രയത‌്നഫലമായാണ് സ്വാതന്ത്ര്യാനന്തരം പുതിയ ഇന്ത്യ സ്ഥാപിതമായതെന്നും സോണിയ ചൂണ്ടിക്കാട്ടി.