
ന്യൂഡൽഹി: മുത്തശ്ശിയെ കാണാൻ രാഹുൽ ഗാന്ധി ഇറ്റലിയിൽ പോയതിനാൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പദ്ധതികൾ അവതാളത്തിലായി. അടുത്ത ദിവസങ്ങളിൽ യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കെയാണിത്. സ്വകാര്യ സന്ദർശനമാണെന്നും മാദ്ധ്യമങ്ങൾ യാത്രയെ മറ്റു രീതിയിൽ ചിത്രീകരിക്കരുതെന്നും വക്താവ് രൺദീപ് സുർജെവാല പറഞ്ഞു. പഞ്ചാബിലെ മോഗയിൽ ഈയാഴ്ച നടത്താനിരുന്ന റാലി അടക്കം മാറ്റിവയ്ക്കേണ്ടി വന്നു. മാതാവും കോൺഗ്രസ് അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധി ആരോഗ്യപരമായ കാരണങ്ങളാൽ റാലികളിലും മറ്റും പങ്കെടുക്കാറില്ല. സഹോദരി പ്രിയങ്ക ഗാന്ധി യു.പിയിലെ പ്രചാരണത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.