nv-ramana

ന്യൂഡൽഹി: പത്രപ്രവർത്തകർ ഒരു പ്രത്യയശാസ്ത്രത്തിനോ ഭരണകൂടത്തിനോ കൂട്ട് നിൽക്കുന്നത് സമൂഹത്തിന്റെ ദുരന്തത്തിനായുള്ള പാചക കുറിപ്പ് തയ്യാറാക്കുന്നത് പോലെയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. മുംബയ് പ്രസ് ക്ലബ്ബിന്റെ റെഡ് ഇങ്ക് അവാർഡ് ദാന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിങ്ങളുടെ പ്രത്യയശാസ്ത്രവും വിശ്വാസവും സ്വാധീനിക്കാതെ കടമ നിർവ്വഹിക്കണം. വാർത്തകളിൽ പ്രത്യയശാസ്ത്ര പക്ഷപാതം വരുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സ്വന്തം വ്യാഖ്യാനങ്ങളും അഭിപ്രായങ്ങളും വസ്തുതാപരമായ റിപ്പോർട്ടിംഗിനെ നിറം പിടിപ്പിക്കുകയാണ്. പെട്ടെന്ന് ശ്രദ്ധയാകർഷിക്കാൻ നൽകുന്ന തലക്കെട്ടുകൾ ആകർഷകമായിരിക്കാം. പക്ഷേ തെറ്റിദ്ധരിപ്പിക്കുന്നതാകും. തലക്കെട്ടുകൾ വാർത്തകളുടെ യഥാർത്ഥ ഉള്ളടക്കത്തെ പ്രതിഫലിപ്പിക്കുന്നില്ല. ഉള്ളടക്കം മറന്ന് തലക്കെട്ടുകൾ സമൂഹം ചർച്ചയാക്കും. സ്വയം പ്രതിരോധിക്കാൻ കഴിയാത്ത ഒരാൾക്കെതിരെ മോശം പരാമർശം നടത്തുന്നതിന് മുമ്പ് സ്വാഭാവിക നീതിയുടെ തത്ത്വങ്ങൾ പാലിക്കണം. റേറ്റിംഗിനായുള്ള ഓട്ടത്തിനിടയിൽ സ്ഥിരീകരണത്തിന് മുമ്പ് വാർത്തകൾ പ്രസിദ്ധീകരിക്കുന്ന പ്രവണതയും അപകടകരമാണ്. പത്രപ്രവർത്തകന്റെ വഴികാട്ടി മനസാക്ഷിയായിരിക്കണം. ജുഡിഷ്യറിയെ ദുഷ്ടശക്തികളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനുള്ള കടമ മാദ്ധ്യമങ്ങൾക്കുണ്ട്. പത്രപ്രവർത്തകനായി ജീവിതം ആരംഭിച്ച ഒരാളെന്ന നിലയിൽ നിങ്ങളുടെ ബുദ്ധിമുകൾ തനിക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.