കുറുപ്പംപടി: കാടുകയറിയ പെരിയാർവാലി കനാലുകൾ എല്ലാം ഇക്കുറി നേരത്തെ ക്ലീനായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ് കനാലുകൾക്ക് ഗുണമായത്. തൊഴിലുറപ്പ് തൊഴിലാളികൾ ഇറങ്ങി പണികൾ നേരത്തെ ആരംഭിച്ചു. ഡിസംബർ മാസം ആദ്യവാരത്തോടെയാണ് സാധാരണ കനാലിൽ വെള്ളം തുറന്നുവിടാറുള്ളത്. എന്നാൽ ക്ലീനിംഗ് ജോലികളുടെ കാലതാമസം മൂലം എല്ലാ പ്രാവശ്യവും വെള്ളം തുറക്കുന്നത് വൈകാറുണ്ട്.
കൃഷിയിടങ്ങളും ജലസേചനത്തിനും കുടിവെള്ളത്തിനും മറ്റും നിരവധി ആളുകളാണ് പെരിയാർവാലി കനാലിനെ ആശ്രയിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭങ്ങളും സമരപരിപാടികളും സംഘടിപ്പിച്ചാൽ മാത്രമേ ക്ലീനിംഗ് ജോലികൾ പോലും തുടങ്ങുകയുള്ളൂ. ഇതുസംബന്ധിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളം തുറന്നു വിടുന്നതിന് ഒരാഴ്ച മുമ്പ് മാത്രം നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നേരത്തെ നടത്താനായി വൃത്തിയാക്കൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകണമെന്ന് ജനപ്രതിനിധികളും ജനങ്ങളും ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു.തുടർന്ന് കനാലുകൾ നന്നാക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അവസരം കൊടുക്കുവാൻ ജില്ല കലക്ടർ നിർദ്ദേശം നല്കിയിരുന്നു. ഈ കാര്യങ്ങൾ നേരത്തെ തന്നെ ആലോചിച്ച് ചെയ്താൽ മാത്രമേ ഡിസംബർ മാസം ആദ്യവാരത്തോടെ സാധാരണഗതിയിൽ പെരിയാർവാലി കനാലുകളിൽവെള്ളം തുറന്നു വിടാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇക്കുറി നേരത്തെ ക്ലീനിംഗ് ജോലികൾ പൂർത്തിയായിട്ടും വെള്ളം തുറന്നു വിടുന്നതിനു വേണ്ട യാതൊരുവിധ നടപടികളും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കനാലുകളിൽ വെള്ളം തുറന്നു വിടാൻ ഇനിയും വൈകിയാൽ ജലദൗർലഭ്യം രൂക്ഷമാകും.