മട്ടാഞ്ചേരി: കൊച്ചി നഗരസഭയിൽ ഏറ്റവും കൂടുതൽ ഓട നിർമ്മാണം നടക്കുന്ന പടിഞ്ഞാറൻ കൊച്ചിയിൽ നിർമാണത്തിലെ തട്ടിപ്പും വ്യാപകമാകുന്നു. ഓട നിർമ്മാണത്തിലൂടെ ലക്ഷങ്ങളാണ് കരാറുകാർ തട്ടിയെടുക്കുന്നത്. നഗരസഭയുടെ ഓഡിറ്റ് വിഭാഗത്തിന് പോലും കണ്ടെത്താൻ കഴിയാത്ത രീതിയിലുള്ള തട്ടിപ്പുകളാണ് കൊച്ചി നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിൽ നടക്കുന്നത്. എസ്റ്റിമേറ്റ് തുകയേക്കാൾ കുറഞ്ഞ നിരക്കിൽ ടെൻഡർ എടുത്ത് പ്രവൃത്തികൾ നടത്തുമ്പോൾ ഇതിന് വേണ്ടത്ര ഗുണനിലവാരമില്ലെന്ന് ആക്ഷേപം നിലനിൽക്കുകയാണ്. നിർമ്മാണ സാമഗ്രികൾക്ക് വില ഉയർന്ന് നിൽക്കുമ്പോൾ എങ്ങനെ എസ്റ്റിമേറ്റ് തുകയേക്കാൾ ഇരുപതും മുപ്പതും ശതമാനം താഴ്ത്തി ടെൻഡറെടുത്ത് നിർമ്മാണം നടത്താൻ കഴിയുമെന്ന് നാട്ടുകാർ ചോദിക്കുന്നു.

ഒരേ ഓടയ്ക്ക് രണ്ട് ഫയലുകളുണ്ടാക്കിയുള്ള തട്ടിപ്പും നഗരസഭയിൽ അരങ്ങേറുന്നുണ്ട്. പ്ളാൻ ഫണ്ടും തനത് ഫണ്ടിലുമാണ് ഫയലുകൾ ഉണ്ടാക്കുക. പ്ളാൻ ഫണ്ടിൽ വടക്ക് നിന്ന് തെക്കോട്ട് ഓട നിർമ്മിച്ചതായി രേഖയുണ്ടാക്കുമ്പോൾ തനത് ഫണ്ടിൽ മറിച്ചും രേഖയുണ്ടാക്കി തുക എഴുതിയെടുക്കും. തനത് ഫണ്ടിൽ രേഖയുണ്ടാക്കുന്നത് താമസിച്ചായതിനാൽ ഈ തട്ടിപ്പ് ആർക്കും കണ്ടുപിടിക്കാൻ കഴിയുകയുമില്ല. ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാത്രമേ ഈ തട്ടിപ്പ് നടത്താൻ കഴിയൂവെന്നതിനാൽ അവർക്കും ഇതിന്റെ പങ്ക് ലഭിക്കുമെന്നാണ് വിവരം. ഇതിന് പുറമേ ഓടയുടെ നീളം കൂട്ടിയുള്ള തട്ടിപ്പും അരങ്ങേറുന്നുണ്ട്. നൂറ് മീറ്റർ ഓടയ്ക്ക് 25 മീറ്റർ അധികമായി കാണിച്ച് കണക്ക് തയ്യാറാക്കുന്നതും പതിവാണ്.

എസ്റ്റിമേറ്റ് തുകയേക്കാൾ താഴ്ത്തി ടെൻഡർ എടുക്കാൻ മത്സരിക്കുന്ന കരാറുകാർക്കിടയിൽ പിടിച്ച് നിൽക്കാൻ കഴിയാതെ പലരും രംഗം വിടുകയാണ്.നിലവിലെ ഓടകൾ പൊളിച്ച് പണിയുമ്പോഴാണ് തട്ടിപ്പ് കൂടുതലും നടക്കുക. ഓട പൊളിച്ച് അതിന്റെ അവശിഷ്ടങ്ങൾ നീക്കി കുഴിയെടുത്ത് പുതിയ ഓട നിർമ്മിക്കുന്നതിനായിരിക്കും എസ്റ്റിമേറ്റ്. എന്നാൽ പഴയ ഓട പൊളിക്കാതെ തന്നെ അതിൽ മിനുക്ക് പണി നടത്തുകയാണ് കരാറുകാർ ചെയ്യുക.