ആലങ്ങാട്: വെളിയത്തുനാട്, മാട്ടുപുറം പ്രദേശവാസികൾക്കായി കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. മാട്ടുപുറം വഴിയുള്ള സർവീസ് നിർത്തിയിട്ട് അഞ്ചു വർഷമായി. വെളിയത്തുനാട് സർവീസ് രണ്ട് ട്രിപ്പായി വെട്ടിച്ചുരുക്കി. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് യാത്രാക്ലേശം ചൂണ്ടിക്കാട്ടി നാട്ടുകാർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുവഴി കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിച്ചത്. സർവീസ് പൂർവസ്ഥിതിയിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നിവേദനം നൽകുമെന്ന് മഹിളാ കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കൺവെൻഷൻ അറിയിച്ചു. ജനറൽ സെക്രട്ടറി ബിന്ദു ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൈഫുന്നീസ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.വി. പോൾ, ബ്ലോക്ക് പ്രസിഡന്റ് ബാബു മാത്യു, മണ്ഡലം പ്രസിഡന്റ് എ.എം. അലി, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലിസി മാളിയേക്കൽ, ബ്ലോക്ക് പ്രസിഡന്റ് ബിന്ദു രാജീവ്, ബീനാ ബാബു, ഫാത്തിമ ഷംസുദ്ദീൻ, സൂസൻ വർഗീസ്, കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികളായ പി.എ. സക്കീർ, റഷീദ് കൊടിയൻ, കെ.എം. ലൈജു എന്നിവർ പ്രസംഗിച്ചു.