lorry
ആലുവ മാർക്കറ്റ് മേൽപ്പാലത്തിനടിയിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന ലോറികൾ

ആലുവ: ആലുവ മാർക്കറ്റ് മേൽപ്പാലത്തിനടിയിലെ അനധികൃത ലോറി പാർക്കിംഗ് ദുരിതമാകുന്നു. മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലാതായി. ആലുവ റെയിൽവേ ഗുഡ് ഷെഡ് കേന്ദ്രീകരിച്ച് ഓടുന്ന ലോറികളാണ് ടേൺ വരുന്നതുവരെ മേൽപ്പാലത്തിനടിയിൽ പാർക്ക് ചെയ്യുന്നതെന്നാണ് ആക്ഷേപം.

മേൽപ്പാലത്തിനടിയിൽ വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സൗകര്യം നിഷേധിച്ച് പകുതിയിലേറെ സ്ഥലം ഓട്ടോറിക്ഷകളും ഗുഡ്സ് വാഹനങ്ങളും കൈയടക്കിയിരിക്കുകയാണ്. ഇതിനുപുറമെയാണ് അടുത്തിടെയായി ലോറികളുടെയും കൈയേറ്റമുണ്ടായത്. മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ ഇരുചക്രവാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്ത അവസ്ഥയാണ്. ദേശീയപാത റോഡിന്റെ ഇരുവശവും കൊച്ചി മെട്രോ സൗന്ദര്യവത്കരണം നടത്തിയതിനെത്തുടർന്ന് ഇവിടെയും പാർക്ക് ചെയ്യാൻ സൗകര്യമില്ല. സൗന്ദര്യവത്കരണം സംരക്ഷിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞതുമില്ല. പാർക്കിംഗിന് സൗകര്യവുമില്ലാത്ത അവസ്ഥയുമായി.

സൗന്ദര്യവത്കരണ സ്ഥലങ്ങളിൽപോലും നഗരസഭയുടെ മാലിന്യക്കൂമ്പാരമാണ്. മാലിന്യം യഥാസമയം നീക്കംചെയ്യുന്നതിന് ആരോഗ്യവിഭാഗം ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. മേൽപ്പാലത്തിന്റെ അടിഭാഗമായതിനാൽ അവകാശം എൻ.എച്ച് അധികൃതർക്കാണ്. ചെറിയ തറവാടക ഈടാക്കി വാടകയ്ക്ക് നൽകിയാൽ വലിയ വരുമാനത്തിന് സാദ്ധ്യതയുണ്ട്. ഈ ഭാഗം കേന്ദ്രീകരിച്ചുള്ള സാമൂഹ്യവിരുദ്ധശല്യവും ഒഴിവാക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു..